ചെമ്മരിയാടിൻ കൂട്ടത്തെ ഒറ്റയ്ക്ക് കൂട്ടിൽ കയറ്റുന്ന രണ്ടുവയസ്സുകാരി: കൗതുക വിഡിയോ

മേയാൻ വിട്ട ചെമ്മരിയാടിൻ കൂട്ടത്തെ നിമിഷനേരം കൊണ്ട് നിഷ്പ്രയാസം കൂട്ടിൽ കയറ്റുന്ന  രണ്ടു വയസ്സുകാരിയുടെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. ഇംഗ്ലണ്ടിലെ നോർഫോക് പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇസബൽ എന്ന കുരുന്നാണ് വിഡിയോയിലെ താരം. പല വഴിക്കായി ചിതറിപ്പോയ ആട്ടിൻകൂട്ടത്തെ ഒന്നായി കൂട്ടിനുള്ളിൽലേക്ക് കയറ്റുകയാണ് കുഞ്ഞ് ഇസബെൽ.

ആട്ടിൻകൂട്ടത്തെ എങ്ങനെ മെരുക്കാമെന്ന് കുഞ്ഞു മകൾക്ക് കാണിച്ചു കൊടുക്കുന്നതിനിടെ ഇസബലിന്റെ പിതാവായ ഡാനിയേൽ തന്നെയാണ് കൗതുകകരമായ ദൃശ്യങ്ങൾ പകർത്തിയത്. അച്ഛന്റെ പിടിവിട്ട് ആട്ടിൻകൂട്ടത്തിന് ഇടയിലേക്ക് ഓടിയ മകളെ തിരികെ വിളിക്കാൻ ഡാനിയേൽ ശ്രമിക്കുന്നുണ്ട്. എന്നാൽ അതൊന്നും കേൾക്കാതെ ഇസബെൽ ആട്ടിൻകൂട്ടത്തെ ഒരു ഭാഗത്തേക്ക് നയിക്കാൻ ശ്രമിക്കുകയാണ്.

മകളെക്കൊണ്ട് അതിനാവില്ല എന്ന് കരുതിയിരുന്ന ഡാനിയലിനാണ് തെറ്റിയത്. ആടുകളെ മേയ്ക്കുന്നതിൽ ഏറെ നാളത്തെ പരിചയസമ്പത്ത്  ഉള്ളവരെപ്പോലെ ആ വലിയ ആട്ടിൻകൂട്ടത്തിന് നിർദേശങ്ങൾ നൽകി അവയെ ഒന്നായി കൂടിനുള്ളിൽ  ഇസബൽ കയറ്റി. ഏറ്റവും ഒടുവിലത്തെ ആടും ഉള്ളിൽ കയറി എന്നുറപ്പാക്കുന്നത് വരെ ഇസബെൽ അവിടെത്തന്നെ നിൽക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് ആടുകളെല്ലാം എല്ലാം കൂട്ടിൽ കയറിയത് കണ്ടു ഡാനിയൽ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയി.

താനും തന്റെ വളർത്തു നായയും ഒപ്പം ഉണ്ടായിട്ടും ഇസബൽ  തനിയെയാണ് ആടുകളെ നയിച്ചത് എന്ന് ഡാനിയൽ  പറയുന്നു. കുഞ്ഞുമകൾക്ക് മൃഗങ്ങളെ  ഏറെ ഇഷ്ടമാണ്. അതേപോലെ വീടിനുള്ളിൽ ഇരിക്കാൻ തീരെ താൽപര്യമില്ലാത്ത ഇസബൽ എപ്പോഴും പുറത്ത് ഓടിക്കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. മകളെ ഓർത്ത് ഏറെ അഭിമാനമുണ്ടെന്നും ഡാനിയേൽ കൂട്ടിച്ചേർക്കുന്നു.