ദയനീയാവസ്ഥ േകട്ട് നേഹ വിതുമ്പി; പിന്നാലെ 5 ലക്ഷത്തിന്റെ ഓഫർ; സ്നേഹസംഗീതം

ഒന്നും നിലനിൽക്കുന്നതല്ല. നാളെ എന്താണ് സംഭവിക്കുക എന്നു ആർക്കും പറയാനാകില്ല. അതാണ് ജീവിതം. സിനിമയുടെ വെള്ളിവെളിച്ചത്തിലും സമ്പന്നതയിലും ഇന്നു അഭിരമിക്കുന്നവർ ഇത് ഓർക്കുന്നത് നല്ലതായിരിക്കും. കാരണം ഇങ്ങനെ തകർച്ചയുടെ പടുകുഴിയിലേക്കു വീണു പോയവരുടെ നിര നീണ്ടതാണ്. അതിനു കാരണങ്ങൾ പലതാകാം. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവർ നാളെ ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ അലയേണ്ടി വന്നേക്കും. അവരെ കാണുമ്പോൾ മുഖം തിരിക്കരുത്. തന്നാലാവുന്ന വിധം സഹായിക്കുക. ചുരുങ്ങിയത് ഒന്നു ചേർത്തു പിടിക്കുകയെങ്കിലും ചെയ്യുക. അങ്ങനെ മാതൃകയായിരിക്കുകയാണ് ബോളിവുഡ് ഗായിക നേഹ കക്കർ. 

നേഹ വിധികർത്താവായെത്തുന്ന സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോ വേദിയാണ് ‌അപ്രതീക്ഷിത രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചത്. ഒരു കാലത്ത് സംഗീതരംഗത്ത് സജീവസാന്നിധ്യമായിരുന്നു സന്തോഷ് ആനന്ദ്. എന്നാൽ സ്വകാര്യജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹം സംഗീതരംഗത്തു നിന്നും മാറി നിൽക്കുകയുണ്ടായി. പിന്നാലെ സാമ്പത്തിക ബാധ്യതകള്‍ സന്തോഷ് ആനന്ദിനെ അലട്ടിത്തുടങ്ങി. അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ അദ്ദേഹം വേദിയിൽ പങ്കുവച്ചതിനു പിന്നാലെയാണ് നേഹ കക്കർ 5 ലക്ഷം രൂപ സന്തോഷ് ആനന്ദിനു വാഗ്ദാനം ചെയ്തത്. 

ചലച്ചിത്ര സംഗീതരംഗത്തിനു സമഗ്രസംഭാവനകൾ നൽകിയ സന്തോഷ് ആനന്ദിനെപ്പോലെയുള്ളവരെ ഒരിക്കലും വിസ്മരിക്കരുതെന്നും അവർക്ക് ആവശ്യമുള്ള സഹായം ചെയ്തുകൊടുക്കാൻ ഓരോ കലാകാരനും ബാധ്യസ്ഥനാണെന്നും നേഹ വേദിയില്‍ വച്ചു പറഞ്ഞു. സന്തോഷ് ആനന്ദിന്റെ നിസഹായാവസ്ഥ കേട്ട് ഗായിക വേദിയിൽ വച്ച് കണ്ണീരണിഞ്ഞു. തന്റെ എളിയ സമ്മാനമായി ഈ തുക സന്തോഷ് ആനന്ദിനെ ഏൽപ്പിക്കുകയാണെന്നും ചലച്ചിത്ര–സംഗീതരംഗത്തെ കലാകാരന്മാര്‍ അദ്ദേഹത്തിന് ഇനിയും പുതിയ പ്രൊജക്ടുകൾ നൽകാൻ സന്നദ്ധരാകണമെന്നും ഗായിക പറഞ്ഞു. സന്തോഷ് ആനന്ദ് ഒരു കാലത്ത് ഇന്ത്യൻ സംഗീതരംഗത്തെ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നുവെന്നും അദ്ദേഹത്തെയും അദ്ദേഹം നൽകിയ സംഭാവനകളെയും ആരും വിസ്മരിക്കരുതെന്നും നേഹ കൂട്ടിച്ചേർത്തു. നേഹയും ഷോയുടെ മറ്റൊരു വിധികർത്താവായ വിശാൽ ദദ്‌ലാനിയും ചേർന്ന് സന്തോഷ് ആനന്ദ് വരികൾ കുറിച്ച ഏതാനും പാട്ടുകൾ വേദിയിൽ ആലപിച്ചു. തന്റെ പുതിയ ചില പാട്ടുകൾ റിലീസ് ചെയ്യാനായി വിശാലിനെ ഏൽപ്പിച്ച ശേഷമാണ് സന്തോഷ് ആനന്ദ് വേദി വിട്ടത്. 

ഇതിനു മുൻപും നേഹ കക്കർ ഇതേ വേദിയിൽ വച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോയിലെ മത്സരാർഥിയുടെ ദുരിത കഥ കേട്ട് ഒരു ലക്ഷം രൂപയാണ് ഗായിക സമ്മാനമായി നൽകിയത്. ജയ്പൂർ സ്വദേശി ഷഹ്സാദ് അലിയുടെ ജീവിതകഥയാണ് നേഹയെ സ്പർശിച്ചത്. റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്ന ഷഹ്സാദിന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി മുത്തശ്ശി ലോണെടുത്താണ് ഷഹ്സാദിനെ മുംബൈയിലേയ്ക്കയച്ചത്. കഥ കേട്ട് കണ്ണു നിറഞ്ഞ നേഹ ഉടൻ തന്നെ ഒരുലക്ഷം രൂപ സമ്മാനമായി നൽകുകയായിരുന്നു. വിവാഹത്തെത്തുടർന്ന് റിയാലിറ്റി ഷോയിലെ ജ‍ഡ്ജിങ് പാനലിൽ നിന്നും താത്ക്കാലികമായി മാറി നിൽക്കുകയായിരുന്നു നേഹ. ഗായകൻ രോഹൻപ്രീത് സിങ്ങുമായി 2020 ഒക്ടോബർ 24നായിരുന്നു നേഹ കക്കറിന്റെ വിവാഹം.