കൊടും തണുപ്പ്; നവജാതശിശുവിനും അമ്മയ്ക്കും താങ്ങായി ഇന്ത്യൻ സേന

ജമ്മു കശ്മീരിലെ കൊടും തണുപ്പിൽപ്പെട്ട് തിരിച്ചുവരാൻ കഴിയാതിരുന്ന അമ്മയേയും നവജാതശിശുവിനേയും ഭദ്രമായി വീട്ടിലെത്തിച്ച് ഇന്ത്യൻ സേന. ജമ്മു കശ്മീരിലെ കുപ്‍വാരാ ജില്ലയിലാണ് സംഭവം.

അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം പ്രസവശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെട്ട ഫറൂഖ് ഖസാനയേയും കുഞ്ഞിനേയുമാണ് സേനാംഗങ്ങൾ സുരക്ഷിതമായി വീട്ടിലെത്തിച്ചത്. ചിനാർ മേഖലയിലെ ഉദ്യോഗസ്ഥരാണ് ഈ മഹത്കർമം ചെയ്തത്. ആറു കിലോമീറ്ററാണ് ഇവർ അമ്മയെയും കുഞ്ഞിനെയും ചുമന്ന് നടന്നത്. മുട്ട് വരെയുളള മഞ്ഞിനിടയിൽ കൂടിയാണ് സേനാംഗങ്ങൾ ഇവരെ താങ്ങി നടന്നത്. 

അമ്മയേയും കുഞ്ഞിനേയും തണുപ്പ് സഹിച്ച് എടുത്തുവരുന്ന വിഡിയോ ഇന്ത്യൻ പടനായകരോടുളള നന്ദിയറിയിച്ച് അനേകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇത്തരം കാഴ്ചകൾ മനസ് നിറയ്ക്കുന്നതാണെന്ന് ഒരുപാട് പേർ കമന്റുകളുമിട്ടു. ഇത് സേനയിലുളളവർക്കും എല്ലാ മനുഷ്യർക്കും പ്രചോദനമാണെന്നും ചിലർ പറഞ്ഞു.