വെള്ളം റിലീസിനു മുമ്പേ അനന്യയെ കാണാൻ വിശ്വനാഥനെത്തി; ആഗ്രഹ സാഫല്യം

ജയസൂര്യ നായകനാവുന്ന പ്രജേഷ് സെന്‍ ചിത്രം വെള്ളം നാളെ തിയറ്ററുകളിലെത്തും. കണ്ണൂരില്‍ നിന്നുള്ള രണ്ടു ഗായകര്‍ ചിത്രത്തില്‍ പാടിയിട്ടുണ്ട്. 

അന്ധതയെ സംഗീതം കൊണ്ട് അതിജീവിക്കുന്ന അനന്യയും അധ്യാപകനായിരുന്ന വിശ്വനാഥനും. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അനന്യയെ കാണാന്‍ വിശ്വനാഥന്‍ കണ്ണൂര്‍ വാരത്തെ വീട്ടിലെത്തി.അനന്യയുടെ പാട്ടിനെ കുറിച്ച് 2019 അത്തം ദിനത്തിലാണ് ആദ്യമായി വാര്‍ത്ത ചെയ്യുന്നത്. അത് ശ്രദ്ധയില്‍പ്പെട്ട പ്രജേഷ് സെന്‍ തന്‍റെ പുതിയ ചിത്രത്തില്‍ അനന്യയ്ക്ക് അവസരം നല്‍കുകയായിരുന്നു. കാഴ്ചയില്ലെങ്കിലും സംഗീതത്തിലൂടെ ജീവിതത്തോട് പൊരുതി ജയിക്കുകയാണ് അനന്യ. ഇനിയും നിരവധി സിനിമകളിലൂടെ അനന്യയുടെ ശബ്ദം നമ്മള്‍ കേള്‍ക്കും.

തളിപ്പറമ്പ് കീഴീറ്റൂരിലെ വിശ്വനാഥന്‍ അമ്പത്തിയൊന്നാം വയസിലാണ് ആദ്യമായി സിനിമയില്‍ പാടുന്നത്. അധ്യാപകനായിരുന്നു. ചെറുപ്പം മുതല്‍ സംഗീതം പഠിക്കുന്ന വിശ്വനാഥന്‍റെ ആഗ്രഹ സാഫല്യമാണ് വെള്ളം സിനിമയിലെ ഗാനം. വെള്ളം തിയറ്ററിലെത്തുന്നതിന് മുമ്പ് അനന്യയെ കാണാന്‍ വിശ്വനാഥന്‍ എത്തി. ഇരുവരും ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ചു.