10 മുതല്‍ 12 വരെ പരീക്ഷ; 11.10നും 11.45നും ഇടയിൽ അനഘയുടെ വിവാഹം; ഒടുവിൽ..?

കതിർമണ്ഡപത്തിൽ കയറുന്നതിനു മുൻപ് അനഘ എത്തിയത് പരീക്ഷാ ഹാളിൽ. കോട്ടപ്പുറം വാവറ പടിഞ്ഞാറ്റതിൽ വീട്ടിൽ സി.എൻ. പ്രേംനാഥിന്റെയും എസ്. അനിതയുടെയും മകളായ അനഘ.പി.നാഥിന്റെ വിവാഹവും പരീക്ഷയുമായിരുന്നു ഇന്നലെ. വർക്കല നെടുങ്ങണ്ട എസ്എൻ ട്രെയിനിങ് കോളജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർഥിനിയാണ് അനഘ. അനഘയുടെ മൂന്നാം സെമസ്റ്റർ പരീക്ഷയാണ് ഇന്നലെ നടന്നത്.

ഒപ്പം ജീവിതത്തിലെ സുപ്രധാന മുഹൂർത്തവും. 18 നു നടക്കേണ്ടിയിരുന്ന പരീക്ഷയാണ് ഇന്നലത്തേക്ക് മാറ്റിവച്ചത്. 10 മുതൽ 12 വരെയായിരുന്നു പരീക്ഷ സമയം. 11.10 നും 11.45 നും ഇടയിൽ വിവാഹവും.  

ഒരു മണിക്കൂർ പരീക്ഷ എഴുതിയ ശേഷം അനഘ പരവൂർ പുതിയിടം മഹാദേവ ക്ഷേത്രത്തിലെ കല്യാണ പന്തലിലേക്ക്  എത്തുകയായിരുന്നു. കുറുമണ്ടൽ ചന്ദ്രവിലാസത്തിൽ കെ.ചന്ദ്രമോഹൻ ഉണ്ണിത്താന്റെയും സി.എസ്. ശ്രീദേവി അമ്മയുടെയും മകൻ സി.എസ്. ദീനൂപ് ആണ് വരൻ.