കല്യാണക്കുറിയിൽ ക്യുആർ കോഡ്; 'അനുഗ്രഹത്തുക സ്കാൻ െചയ്ത് അയക്കൂ.. പ്ലീസ്'

മുൻപ് കൊറോണയെ പേടിച്ച് കല്യാണം മാറ്റിവച്ച് വലഞ്ഞവരുടെ കഥകളേറെയാണ്. എന്നാൽ കൊറോണ ആണെങ്കിലും അതിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കല്യാണം ജോറാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. കെട്ടിലും മട്ടിലും കല്യാണം മാറുമ്പോൾ കല്യാണക്കുറി എന്തിന് മാറാതിരിക്കണം എന്നാണ്   തമിഴ്നാട് മധുരയിലെ നവദമ്പതിമാരായ ശിവശങ്കരിയും ശരവണനും ചിന്തിച്ചത്.

കല്യാണ ക്ഷണക്കത്തിൽ ക്യു ആർ കോഡ് വച്ചാണ് ഇവർ കല്യാണം വ്യത്യസ്തമാക്കിയത്. ഇനി കല്യാണക്കുറിയിൽ ക്യു ആർ കോഡുകൾ എന്തിനാണെന്നല്ലേ? ജനസമ്പര്‍ക്കമില്ലാതെ കല്യാണ സമ്മാനങ്ങൾ സ്വീകരിക്കാനാണ് ഈ കോഡുകൾ. ഇതാകുമ്പോൾ സാമൂഹ്യ അകലം പാലിച്ചില്ലെന്ന പരാതിയും വേണ്ട, ദമ്പതിമാർക്കുളള ഗിഫ്റ്റുകൾ കിട്ടുകയും െചയ്യും. ഈ സമ്മാനങ്ങളെല്ലാം കാശായി മാത്രമേ സ്വീകരിക്കൂയെന്ന പ്രത്യേക നിബന്ധനയുമുണ്ട്.

ഗൂഗിൾ പേ, ഫോൺ പേ എന്നിവയിലൂടെ കല്യാണക്കത്തിലെ ക്യു ആര്‍ കോഡ് സ്കാൻ െചയ്ത് സ്നേഹസമ്മാനം കൊടുക്കാനുളള സംവിധാനമാണ് ദമ്പതിമാർ കൂടിയാലോചിച്ച് കൊണ്ടുവന്നത്. പ്രോഗ്രാം അനലിസ്റ്റായി ജോലി ചെയ്യുന്ന വധുവാണ് ഈ ഐഡിയ നടപ്പിലാക്കിയത്. മുപ്പതോളം ആൾക്കാർ ക്യു ആർ കോഡ് ഉപയോഗിച്ചുവെന്നും ഇവർ പറയുന്നു. കല്യാണത്തിന് നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവർക്കും ക്യു ആർ കോഡ് പ്രയോജനപ്പെടുത്തി. അങ്ങനെ കൊറോണ വന്നപ്പോൾ മുതൽ രസമുളള കാര്യങ്ങളാണ് വിവാഹച്ചടങ്ങുകളിൽ നടക്കുന്നത്.