ഊരിയിട്ട ഷൂസ് ട്രെയിനിൽ മറന്നു; ആർപിഎഫ് നിലപാടിന് കയ്യടി; അക്കഥ

‘സാറെ, ഞാൻ ട്രെയിൻ കയറിയപ്പോൾ സീറ്റിനടിയിൽ ഉൗരിയിട്ട ഷൂസ് എടുക്കാൻ മറന്നു. ട്രെയിൻ വിട്ടുപോയി. അതെനിക്ക് തിരിച്ചുകിട്ടാൻ വല്ല മാർഗമുണ്ടോ? ഇത്ര നിസാരകാര്യത്തിന് ആരെങ്കിലും റെയിൽവേ പൊലീസിൽ പരാതിയുമായി പോകുമോ? ഒരു ഷൂസല്ലേ, അതും ഉപയോഗിച്ചു കാെണ്ട് ഇരിക്കുന്നത്. ആ പോട്ടെ എന്നു വയ്ക്കാം’. ഇങ്ങനെയാകും ഭൂരിപക്ഷം പേരും വിചാരിക്കുക. എന്നാൽ പട്ടാമ്പിക്കാരൻ മുനീർ പരാതിയുമായി റെയിൽവേ പൊലീസിന് മുന്നിൽ പോയി. ‘വിട്ടുകളയണം’ എന്ന മറുപടിക്ക് പകരം അടിയന്തര നടപടിയാണ് ഷൊർണൂർ ആർപിഎഫ് സ്വീകരിച്ചത്. നിസാരമായി തള്ളിക്കളയാവുന്ന കാര്യമായിട്ട് പോലും ആ ഉദ്യോഗസ്ഥർ കാണിച്ച ആത്മാർഥത വേറിട്ടൊരു മാതൃക കൂടിയാണ്. സംഭവം ഇങ്ങനെ.

വ്യവസായി ആയ മുനീർ ബെംഗളൂരുവിൽ നിന്നും ഷൊർണൂരിന് ടിക്കറ്റെടുത്തു. യശ്വൻപൂർ–കണ്ണൂർ എക്സ്പ്രസിലാണ് യാത്ര. ട്രെയിനിൽ കയറിയ ശേഷം ഇട്ടോണ്ട് വന്ന ഷൂസ് സീറ്റിനടയിൽ ഉൗരിയിട്ടു. പിന്നാലെ മറ്റൊരു ചെരുപ്പാണ് ട്രെയിനിൽ ഉപയോഗിച്ചത്. ട്രെയിൻ ഷൊർണൂർ എത്തിയപ്പോൾ ബാഗുമായി പുറത്തിറങ്ങി. ട്രെയിൻ സ്റ്റേഷൻ വിട്ടശേഷമാണ് ഷൂസ് എടുക്കാൻ മറന്ന കാര്യം ഓർമിക്കുന്നത്. ആരോട് പറയാൻ ആണ്, ആര് കേൾക്കാനാണ് എന്ന പതിവ് പല്ലവി മനസിൽ വന്നെങ്കിലും ആർപിഎഫിൽ പോയി പറയാൻ തന്നെ തീരുമാനിച്ചു.

അങ്ങനെ ഷൊർണൂർ ആർപിഎഫ് ഓഫിസിലെത്തി കാര്യം പറഞ്ഞു. മുഖം ചുളിക്കാതെ തന്നെ ഷൊർണൂർ ആർപിഎഫ് നടപടി സ്വീകരിച്ചു. ട്രെയിൻ അപ്പോഴേക്കും വടകര സ്റ്റേഷൻ കഴിഞ്ഞിരുന്നു. അവിടുത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം തലശേരിയിൽ ട്രെയിൻ എത്തിയപ്പോൾ ഷൂസ് അവിടുത്തെ ആർപിഎഫ് ഉദ്യോഗസ്ഥർ എടുത്തുവച്ചു. ‘എന്നാൽ സാറെ, ഞാൻ തലശേരിയിൽ പോയി വാങ്ങിച്ചോളാം’ എന്ന് പറഞ്ഞ് മുനീർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ ഉദ്യോഗസ്ഥർ വിലക്കി. ‘വേണ്ട, അടുത്ത ട്രെയിനിൽ അവർ അത് ഇങ്ങോട്ട് അയക്കും’ എന്ന് എസ്ഐ പറഞ്ഞു. ഇതോടെ ഷൊർണൂരിലേക്ക് വരുന്ന ട്രെയിനിനായി കാത്തിരിപ്പ് തുടർന്നു മുനീർ. ഒടുവിൽ ട്രെയിനെത്തി. ആർപിഎഫ് ഉദ്യോഗസ്ഥർ തന്നെ നേരിട്ടെത്തി ഷൂസ് മുനീറിന് കൈമാറി.

ഉപയോഗിച്ച ഷൂസാണെന്ന് കരുതി ഉപേക്ഷിക്കാൻ മുനീറും, നിസാരം എന്ന് തള്ളിക്കളായതെ ഷൊർണൂർ ആർപിഎഫും നിലപാട് സ്വീകരിച്ചത് കൗതുകത്തിന് അപ്പുറം കയ്യടി അർഹിക്കുന്ന കാര്യം കൂടിയാണ്. എസ്ഐ അനൂപ് കുമാർ, ഉദ്യോഗസ്ഥരായ അശ്വതി, ഹരീഷ് കുമാർ എന്നിവർ ജോലിയോട് കാണിക്കുന്ന ആത്മാർഥയുടെ വെളിച്ചം കൂടിയാണ് ഈ സംഭവമെന്ന് മുനീർ പറയുന്നു.