ലൊക്കേഷനും ബാറ്ററി ചാർജും വരെ ശേഖരിക്കാൻ നീക്കം; വാട്ട്സാപ്പിനെതിരെ വ്യാപക പ്രതിഷേധം

ഉപയോഗിക്കുന്നവരുടെ സ്വകാര്യവിവരങ്ങള്‍ ഫെയ്സ്ബുക്കിനു കൈമാറാനുള്ള വാട്സാപിന്‍റെ നീക്കത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്സാപ് ഉപയോഗിക്കാനാകില്ല. വാട്സാപ് ഡിലീറ്റ് ചെയ്യാനും സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലേക്ക് മാറാനും ടെസ്‌ല കമ്പനി ഉടമ ഇലോണ്‍ മസ്ക് അടക്കമുള്ളവരുടെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 

സ്വകാര്യതയുടെ പര്യായമായിരുന്നു വാട്സാപ്. ലോകമെങ്ങുമുള്ള സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളുെട പ്രിയ ആപ്പായി മാറാനുള്ള കാരണവും ഇതായിരുന്നു. വാട്സാപ്പിനെ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ഫെയ്സ്ബുക്ക് വിലയ്ക്കുവാങ്ങിയശേഷമുള്ള ഏറ്റവും പുതിയ നടപടിയാണ് പ്രതിഷേധത്തിനുവഴിവച്ചിരിക്കുന്നത്. പുതിയ സ്വകാര്യതാനയം അംഗീകരിച്ചാല്‍ ഉപയോഗിക്കുന്നവരുടെ നമ്പറും സ്ഥലവും മൊബൈല്‍ നെറ്റ്‌വര്‍ക്കും എന്നുവേണ്ട ബാറ്ററിയില്‍ എത്ര ചാര്‍ജ് അവശേഷിക്കുന്നുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ വാട്സാപ് ശേഖരിക്കും. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണില്‍നിന്ന് വാട്സാപ് ഡിലീറ്റ് ചെയ്താലും അക്കൗണ്ട് വിവരങ്ങള്‍ കമ്പനിയുടെ കൈവശമുണ്ടാകും. ഇത് മറികടക്കണമെങ്കില്‍ വാട്സാപ് സെറ്റിങ്സില്‍ കയറി അക്കൗണ്ട് ഡിലീറ്റ് ചെയ്യണം. 

ഫെയ്സ്ബുക്ക് കമ്പനിയുടെ വിവിധ ആപ്പുകളുടെ ഇന്‍റഗ്രേഷന്‍റെ ഭാഗമാണ് പുതിയ സ്വകാര്യതാനയമെന്നാണ് വാദം. ഇന്‍സ്റ്റഗ്രാമും മെസഞ്ചറും ഫെയ്സ്ബുക്കിന്‍റേതാണ്. വാട്സാപ് ബിസിനസ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കമ്പനിക്ക് പുറമേ കൈമാറാനും പുതിയ നയം വഴിവയ്ക്കും. എന്നാല്‍ നിയമം കര്‍ശനമായ യൂറോപ്യന്‍ യൂണിയനിലും യുകെയിലും വാട്സാപിന്‍റെ ഈ ഭീഷണി നടപ്പില്ല.