പശു ശാസ്ത്രത്തിൽ പരീക്ഷയെത്തുന്നു; ഓൺലൈൻ പരീക്ഷ അടുത്ത മാസം

പശു ശാസ്ത്രത്തിൽ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ തലത്തിലാണ് ‘ഗോ വിജ്ഞാൻ’ പരീക്ഷ നടത്തുന്നത്. ഓൺലൈൻ മുഖേന അടുത്ത മാസം 25നാണ് പരീക്ഷ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. പശുക്കളെ കുറിച്ചും അവയുടെ ഉപയോഗങ്ങളെ കുറിച്ചും ജനങ്ങളിൽ താത്പര്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഗോ വിജ്ഞാൻ പരീക്ഷ നടത്തുന്നത്. ‘കാമധേനു ഗോ വിജ്ഞാൻ പ്രചാർ–പ്രസാദ്’ എന്നാണ് പരീക്ഷയുടെ പേര്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പരീക്ഷയിൽ പങ്കെടുക്കാം. എല്ലാ വർഷവും പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ അറിയിച്ചു.

പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. ഉയർന്ന മാർക്ക് വാങ്ങുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും. പശു ശാസ്ത്രവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനുള്ള സാമഗ്രികൾ കാമധേനു ആയോഗ് ഒരുക്കുന്നുണ്ട്. ഒബ്ജക്ടീവ് ചോദ്യങ്ങളുടെ ഫലം പരീക്ഷക്ക് ശേഷം കുറച്ച് സമയത്തിനുള്ളിൽ വരും. പശുക്കളെ എങ്ങനെ ഫലവത്തായി ഉപയോഗിക്കാമെന്ന അവബോധം പരീക്ഷയിലൂടെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു.