ഓര്‍ഡര്‍ ചെയ്ത വിവാഹവസ്ത്രം ഇതല്ലെന്ന് യുവതി; പരാതി അയച്ചു; ഒടുവില്‍..?

വിവാഹത്തിനായി ഓൺലൈനിലൂടെ കിടിലൻ വസ്ത്രം ഓർഡർ ചെയ്ത് കാത്തിരിപ്പിലാണ് യുഎസിലുള്ള ഓബ്രി എന്ന യുവതി. ഒടുവിൽ സാധനം കയ്യിൽ കിട്ടി അണിഞ്ഞു നോക്കിയപ്പോൾ ഓബ്രി ഞെട്ടി. താൻ ഓർഡർ ചെയ്ത വസ്ത്രവും ഇട്ടിരിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. നിരാശയും ദേഷ്യവും മൂലം ചൂടോടെ വസ്ത്രം വാങ്ങിച്ച കമ്പനിക്ക് ഒരു മെയിലും അയച്ചു.

പിന്നീട് സംഭവിച്ചതിനെ കുറിച്ച് ഓബ്രി തന്നെ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഓബ്രിയുടെ നീണ്ട മെയിലിന് ആകെ ഒരു വരിയിലാണ് കമ്പനി മറുപടി നൽകിയത്. മറുപടി വായിച്ച് ഓബ്രിയും ആദ്യമൊന്ന് പകച്ചു, പിന്നെ അതിൽ പറഞ്ഞതുപോലെ ചെയ്തു. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം നവവധുവിന് മനസ്സിലായത്.

"മാഡം, താങ്കൾ ഉടുപ്പ് തിരിച്ചാണ് ഇട്ടിരിക്കുന്നത്. നേരെ ആക്കി വീണ്ടും ധരിച്ചു നോക്കൂ." ഇതാണ് ഓബ്രിക്ക് ലഭിച്ച മറുപടി. അബദ്ധം മനസ്സിലാക്കി തിരിച്ചിട്ട വസ്ത്രം വീണ്ടും ധരിച്ചപ്പോൾ തന്റെ വിവാഹ വസ്ത്രം ഗംഭീരമായിരുന്നെന്നും ഓബ്രി പറയുന്നു. ഒപ്പം ആരാണ് പ്രതീക്ഷിക്കുന്നത് വസ്ത്രം തിരിച്ച് അയക്കുന്നത് എന്ന ചോദ്യവും.

ഓബ്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ച പലർക്കും ചിരി അടക്കാൻ പറ്റാതായി. നവംബർ അഞ്ചിനാണ് ഓബ്രി ഫെയ്സ്ബുക്കിൽ തന്റെ അനുഭവം പോസ്റ്റ് ചെയ്യുന്നത്. ഇതുവരെ ആയിരത്തിലധികം പേരാണ് റിയാക്ട് ചെയ്തിരിക്കുന്നത്. 300 ൽ അധികം ഷെയറും ഉണ്ട്.