ലാപ്ടോപിനായി അമേരിക്കയിലേക്ക് 3.22 ലക്ഷം അയച്ചു; ഒന്നും വന്നില്ല, പണം പോയികിട്ടി!

representative image

തിരുവനന്തപുരം: ഓൺലൈൻ വഴി ലാപ്ടോപ് ബുക്ക് ചെയ്ത തലസ്ഥാനവാസിക്കു 3.22 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ മാസം 26 നാണ് ഇദ്ദേഹം വാട്സാപ് വഴി ലാപ്ടോപ് ആവശ്യപ്പെട്ട് പണം അയച്ചത്. അമേരിക്കയിൽ നിന്ന് ലാപ്ടോപ് വരുത്താനായി 3,22,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. ലാപ്ടോപ്പിന്റെ വില നൽകിയ ശേഷവും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കബളിപ്പിക്കപ്പെട്ടതായി യുവാവിനു ബോധ്യമായി. തിരുവനന്തപുരം സൈബർ ക്രൈം പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒട്ടേറെ ഐടി പ്രഫഷനലുകളെ ഇപ്രകാരം കബളിപ്പിച്ചതായി വ്യക്തമായി.  ജില്ലയിൽ മാത്രം പലർക്കായി ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ ഓൺലൈൻ സൈറ്റുകൾ വഴി പണം കൈമാറുന്നവർ വിശ്വാസ്യത മനസ്സിലാക്കി മാത്രം ഇടപാടുകൾ നടത്തണമെന്നു സൈബർ ക്രൈം പൊലീസ് എസിപി ടി.ശ്യാം ലാൽ അറിയിച്ചു.