ആമസോണിൽ മൗത്ത് വാഷ് ഓർഡർ ചെയ്തു; കിട്ടിയത് റെഡ്മി നോട്ട് 10; അടിച്ചു മോനേ

ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പഴ തരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട്. പണം നഷ്ടമാകുക, ഓർഡർ ചെയ്യാത്ത സാധനം കിട്ടുക തുടങ്ങിയ അമളികൾ സംഭവിക്കാറുണ്ട്. എന്നാൽ മുംബൈ സ്വദേശിയായ ലോകേഷ് ദാഗ തനിക്കു കിട്ടിയ സാധനം കണ്ട് അമ്പരന്നിരിക്കുകയാണ്. 

ആമസോണില്‍  മൗത്ത‌വാഷാണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന് കിട്ടിയത് 11,999 രൂപ വിലയുള്ള ഷഓമിയുടെ റെഡ്മി നോട്ട് 10 ആയിരുന്നു. താന്‍ ഓര്‍ഡര്‍ ചെയ്യാത്ത ഫോണ്‍ തനിക്ക് വേണ്ട എന്ന തീരുമാനത്താല്‍ അത് തിരികെ കൊടുക്കാന്‍ ലോകേഷ് തീരുമാനിച്ചു. എന്നാല്‍ മൗത്ത് വാഷ് നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ റിട്ടേണ്‍ ഓപ്ഷന്‍ ഇല്ലായിരുന്നു

എങ്കിലും താന്‍ ഓര്‍ഡര്‍ ചെയ്യാത്ത സാധനം തിരികെ കൊടുക്കണമെന്നു തന്നെ ലോകേഷ് ഉറപ്പിച്ചു. ഇതിനായി തനിക്ക് ലഭിച്ച ഫോണിന്റെ ചിത്രം ട്വിറ്ററില്‍ ആമസോണിനെ ടാഗ് ചെയ്ത് പോസ്റ്റിട്ടു. ഓര്‍ഡര്‍ ഐ.ഡിയും, ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഹൈദരാബാദിലെ സ്ത്രീയുടെ ബില്ലിംഗ് അഡ്രസും ട്വീറ്റില്‍ വെച്ചു. ലോകേഷ് ദാഗയുടെ ട്വീറ്റ് വൈറലായതോടെ റെഡ്മി ഇന്ത്യ തന്നെ പ്രതികരണവുമായെത്തി. ഈ ലോക്ക് ഡൗണ്‍ കാലത്ത് മൗത്ത് വാഷ് ഇല്ലാതെയും നിങ്ങള്‍ക്ക് ഒരു ദിവസം തള്ളി നീക്കാം. എന്നാല്‍, റെഡ്മി നോട്ട് 10 ഇല്ലാതെ ഒരു ദിവസം മുന്നോട്ട് പോകാന്‍ കഴിയുമോ? എന്നായിരുന്നു ഷഓമി ട്വീറ്റ് ചെയ്തത്.