ഭൂകമ്പം തകർത്ത മണ്ണ്; ജീവൻകാത്ത് വളർത്ത് മൃഗങ്ങൾ; തുർക്കിയിലെ കാഴ്ച

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളുടെ ജീവനും വിലയുണ്ടെന്ന് തെളിയിക്കുന്നതാണ്  തുർക്കിയിലെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നു രക്ഷാപ്രവർത്തകർ പുറത്തുകൊണ്ടുവരുന്ന കരുതലിന്റെ ദൃശ്യങ്ങൾ. തകർന്നടിഞ്ഞ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർക്ക് ആദ്യം ലഭിച്ചത് ഒരു പൂച്ചക്കുട്ടിയെയാണ്. ഭയന്നു വിറച്ചിരുന്ന പൂച്ചയെ ഏറെ കരുതലോടെ എടുത്ത് തലയിൽ തലോടുന്ന രക്ഷാപ്രവർത്തകരെ കാണാം.

ഭൂകമ്പം നടന്ന് 30, 32 മണിക്കൂറുകൾക്ക് ശേഷമാണ് മറ്റ് രണ്ട് പൂച്ചകളെക്കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതിൽ ഒരു പൂച്ചയുടെ കാലുകളിലെ നഖം നഷ്ടപ്പെട്ട നിലയിലായിരുന്നു. രക്ഷപെടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം. കൂടു തകർന്ന നിലയിൽ കണ്ടെത്തിയ ലൗ ബേർഡാണ് രക്ഷപെട്ട പക്ഷി. മൃഗങ്ങൾക്കായി സംരക്ഷണ കേന്ദ്രം തുറന്നതായി വെറ്ററിനറി വിദഗ്ധർ വ്യക്തമാക്കി. രക്ഷപെടുത്തിയ മൃഗങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുർക്കിയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിരവധി ആളുകളെയും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു.

ഇസ്മിറിലെ തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജീവനോടെ പുറത്തെടുക്കുന്ന മുയലിന്റെ ദൃശ്യം 2.9 മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്. തുർക്കിയിലെ രക്ഷാപ്രവർത്തകർ നെഞ്ചോടു ചേർത്തു പിടിച്ചാണ് മുയലിനെ അവിടെ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇത്തരത്തിലുള്ള ഹൃദയസ്പർശിയായ നിരവധി ദൃശ്യങ്ങളാണ് മേഖലയിൽ നിന്നും പുറത്തുവരുന്നത്.

ഭൂകമ്പം വൻനാശം വിതച്ച തുർക്കിയിലെ  ഇസ്മിറിൽ മരിച്ചവരുടെ എണ്ണം 62 ആയി. ഗ്രീക്ക് ദ്വീപായ സാമോസിൽ 2 പേരാണു മരിച്ചത്. ഇസ്മിറിൽ 940 പേർക്കു പരുക്കേറ്റതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി.15 പേരുടെ നില ഗുരുതരമാണ്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി കരുതുന്നു. തുടർച്ചയായുണ്ടായ നൂറു കണക്കിനു തുടർചലനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു.

ഭൂകമ്പം നടന്ന് 18 മണിക്കൂറിനു ശേഷവും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ജീവനോടെ പുറത്തെടുക്കാനായത് പ്രതീക്ഷ പകരുന്നു. തുടർചലനങ്ങൾ ഭയന്നു രാത്രി മുഴുവൻ ജനങ്ങൾ തെരുവിലും ടെന്റുകളിലുമാണ് കഴിച്ചുകൂട്ടിയത്.സാമോസിലെ തുറമുഖ നഗരമായ വതി കടൽവെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തുർക്കിയുടെ എയ്ജിയൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിൽ ശക്തമായ ഭൂകമ്പമുണ്ടായത്. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മിറിലേക്ക് സൂനാമിക്കു സമാനമായി കടൽ ഇരച്ചുകയറുകയായിരുന്നു. 20ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി. 5000ൽ പരം സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.