കടമെടുക്കാതെ 'സ്വപ്നവീട്' ; 15 വർഷത്തെ കഠിനാധ്വാനം; ബലമായി നിന്നത് ആ അച്ചാറുകുപ്പികൾ

കടമെടുക്കാതെ 1600 ചതുരശ്ര അടി വീടു വയ്ക്കണമെങ്കിൽ എന്തു മുതൽമുടക്ക് വേണ്ടി വരും ? ചോദ്യം റംലയോടാണെങ്കിൽ രണ്ടു കിലോ മാങ്ങയും അച്ചാറിടാനൊരു പാത്രവും എന്നായിരിക്കും മറുപടി. വിശ്വാസമായില്ലെങ്കിൽ രാമപുരം പള്ളിപ്പടിയിലെ സ്വന്തം വീടു കാണിച്ചു തരും.

എരിവുകൂടിയ പ്രയാസങ്ങളെ അതിജീവിച്ച കഥ പറഞ്ഞു തരും. 15 വർഷം മുൻപത്തെ സംഭവമാണ്. റംലയ്ക്കന്നു പ്രായം മുപ്പത്തഞ്ചാണ്. ഭർത്താവ് മുഹമ്മദ് കുട്ടി മരത്തിൽ നിന്നു വീണ് കിടപ്പിലായപ്പോൾ റംലയുടെയും നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന മക്കളുടെയും ജീവിതം ഓലപ്പുരയിൽ വഴിമുട്ടി. അടുക്കള ജോലി മാത്രമറിയാവുന്ന വീട്ടമ്മയ്ക്ക് കൈപ്പുണ്യം മാത്രമായിരുന്നു ആകെയുള്ള ബലം.

പക്ഷേ, അതുതന്നെ ധാരാളമായിരുന്നു. വീട്ടിലുണ്ടാക്കിയ ഉപ്പിലിട്ടതിനും അച്ചാറിനും മാർക്കറ്റ് കൂടി വരുന്ന കാലമായിരുന്നു അത്. ആ വഴി തന്നെ പരീക്ഷിക്കാനായിരുന്നു റംലയുടെയും തീരുമാനം. അയൽക്കൂട്ടത്തിൽനിന്നു വായ്പയെടുത്ത 2000 രൂപയായിരുന്നു മൂലധനം. പാത്രങ്ങളും ചട്ടുകവും വാങ്ങിക്കഴിഞ്ഞപ്പോൾത്തന്നെ പണം മിക്കവാറും തീർന്നു. ബാക്കിയുള്ള ചില്ലറയ്ക്ക് ആകെ കിട്ടിയത് രണ്ടു കിലോ മാങ്ങയും നാരങ്ങയും.

രൊക്കം പണം ഇല്ലാത്തതിനാൽ മാസ അടവിനാണ് ത്രാസ് പോലും വാങ്ങിയത്. വിറ്റുപോകുമോ എന്ന ആശങ്കയ്ക്കിടയിലും രണ്ടും കൽപിച്ച് റംല അന്നിട്ടത് അച്ചാർ മാത്രമായിരുന്നില്ല. സ്വന്തം വീടിന്റെയും നല്ല ഭാവിയുടെയും തറക്കല്ലു കൂടിയായിരുന്നു. മലപ്പുറം കലക്ടറേറ്റ് പടിക്കലും വീടുവീടാന്തരം കയറിയും ആയിരുന്നു ആദ്യകാലത്തെ വിൽപന. വിവിധ ജില്ലകളിലെ കുടുംബശ്രീ മേളകളിലും സജീവമായതോടെ അച്ചാർ കച്ചവടം ക്ലച്ചുപിടിച്ചു.

നട്ടെല്ലിനു ക്ഷതമേറ്റതിനാൽ മറ്റു ജോലിക്കൊന്നും പോകാൻ പറ്റാതിരുന്ന ഭർത്താവ് മുഹമ്മദ് കുട്ടിയും സഹായത്തിനുണ്ടായിരുന്നു. ഓരോ രൂപയും സ്വരുക്കൂട്ടി സ്വരുക്കൂട്ടി 15 വർഷത്തെ കഠിനാധ്വാനം. അതും ഏറെക്കുറെ തനിച്ച്. 10 വർഷമെടുത്തു വീടൊന്നു പൂർത്തിയാവാൻ. മക്കളുടെ പഠിപ്പ്, വീട്ടിലെ മറ്റു ചെലവുകൾ. എല്ലാത്തിനും ബലമായി നിന്നത് ആ അച്ചാറുകുപ്പികളായിരുന്നു. മൂത്തമകൻ മുനീർ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നു. ഇളയവൻ സമീർ ഒമാനിലാണ്.

സന്തോഷം മാത്രം നിറയുന്ന വീട്ടിൽ പൂർണ സംതൃപ്തിയോടെ റംല ജോലിത്തിരക്കിലും. കുടുംബത്തെയും തന്നെയും ജീവിത വിജയത്തിന്റെ കരയ്ക്കടുപ്പിച്ചതിന് റംല നന്ദി പറയുന്നത് കുടുംബശ്രീയോടും അതിന്റെ സാരഥികളോടുമാണ്.