125 ദിവസത്തിന് ശേഷം വൃദ്ധ ദമ്പതികളുടെ കൂടിക്കാഴ്ച; കണ്ണ് നനയിച്ച് വിഡിയോ

60 വർഷത്തെ ദാമ്പത്യം. പക്ഷേ അവർക്ക് പിരിയേണ്ടി വന്നു. 125 ദിവസങ്ങൾക്ക് ശേഷം വീണ്ടും അവർ ഒന്നിക്കുകയാണ്. അമേരിക്കിയിലെ ഫ്ലോറിഡയിൽ നിന്നുമാണ് ഈ ഹൃദ്യമായ ദൃശ്യം എത്തുന്നത്. 

ആറു പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിൽ വില്ലനായെത്തിയത് കോവി‍ഡ് തന്നെയാണ്. ഫ്ലോറിഡയില്‍ ഡെലാനി ക്രീക്കില്‍ റോസ്കാസില്‍ എന്നു പേരുള്ള കേന്ദ്രത്തിലായിരുന്നു ഹൃദയംഗമമായ കൂടിച്ചേരല്‍. മാര്‍ച്ചില്‍ നടന്ന ഒരു ശസ്ത്രക്രിയയ്ക്കുശേഷം ജോസഫ് റോസ് കാസിലിലായിരുന്നു താമസം. എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ജോസഫിന് ഭാര്യ ഈവിനെ കാണാനുള്ള ഒരു അവസരവും ലഭിക്കാതെ വന്നു. ഫോണ്‍ വിളികളിലൂടെ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു. 

ഈവ് റോസ്കാസിലില്‍ എത്തിയെങ്കിലും ദൂരെ നിന്നു ജനാലയിലൂടെ മാത്രം ജോസഫിനെ കണ്ടു മടങ്ങി. അവസാനം അവര്‍ കൂടിക്കണ്ടപ്പോഴാകട്ടെ കൂടിനിന്നവരെല്ലാം അതിശയകരമായ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. റോസ് കാസിലിലെ ഒരു സഹായി വീല്‍ചെയറില്‍ ജോസഫിനെ ഈവിന്റെ മുറിയില്‍ കൊണ്ടുവന്നു. പേപ്പറില്‍ എന്തോ തിരക്കിട്ട് എഴുതിക്കൊണ്ടിരുന്ന ഈവ് പെട്ടെന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ തൊട്ടുമുന്‍പില്‍ പ്രിയ ഭര്‍ത്താവ്.

അപ്രതീക്ഷിതമായി ഭർത്താവിനെ കണ്ട ഈവ് ഓടിച്ചെന്ന് വാരിപ്പുണർന്നു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. വളരെ ഹൃദ്യമായ കാഴ്ച എന്നാണ് ഈ വിഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. യഥാർഥ സ്നേഹത്തിന് പ്രായവും അകലവും ഒന്നും ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ.