40 തവണ തോറ്റു; ഒടുവിൽ എത്തി സിവിൽ സർവീസ് വിജയം; ആ കഥ

നാൽപത് തവണ പരാജയമേറ്റുവാങ്ങിയിട്ടും പതറാതെ വിജയത്തിലേക്ക് കുതിച്ച അവധ് കിഷോര്‍ പവാറിന്റെ കഥ ഒാരോ വിദ്യാർഥിയും അറിഞ്ഞിരിക്കേണ്ടതാണ്. 

യുപിഎസ്‌സി പരീക്ഷയും ബാങ്ക് പരീക്ഷയും സംസ്ഥാന സര്‍വീസ് പരീക്ഷയുമടക്കം തോറ്റു തോപ്പിയിട്ടത് ഒന്നും രണ്ടുമല്ല 40ലധികം പരീക്ഷകള്‍ക്കാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തന്നെ നാലു തവണ പരാജയപ്പെട്ടു. ഒടുവില്‍ 2015ല്‍ തന്റെ അഞ്ചാം തവണ അഖിലേന്ത്യ തലത്തില്‍ 657-ാം റാങ്കുമായി അവധ് വിജയമധുരം നുണഞ്ഞു. സ്ഥിരപ്രയത്‌നമാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനുള്ള വജ്രായുധമെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ അവധ് അടിവരയിട്ടു പറയുന്നു. നിലവില്‍ ഭോപ്പാല്‍ ആദായ നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് അവധ്. 

കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു നൈറ്റ് ഷിഫ്റ്റിന്റെ ഇടയിലാണ് സിവില്‍ സര്‍വീസ് എന്ന ചിന്ത അവധിന്റെ മനസ്സിലേക്ക് എത്തുന്നത്.  സിവില്‍ സര്‍വീസ് വിജയിച്ച റിക്ഷാജോലിക്കാരന്റെ മകന്‍ നല്‍കിയ അഭിമുഖം കാണാനിടയായതാണ് പ്രചോദനം. പരിമിത ചുറ്റുപാടുകളില്‍ നിന്നുള്ളവര്‍ക്കും സിവില്‍ സര്‍വീസ് പാസ്സാകാനാകുമെന്ന ചിന്ത ഈ അഭിമുഖം അവധിന്റെ മനസ്സിലുണര്‍ത്തി. പിന്നീട് ഒന്നും കൂടുതല്‍ ആലോചിച്ചില്ല. ജോലി രാജി വച്ച് ഡല്‍ഹിക്ക് വണ്ടി കയറി. 

എന്നാല്‍ ഹിന്ദി മീഡിയത്തില്‍ പഠിച്ച അവധിന് ഡല്‍ഹിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അത്ര നാളും ജോലി ചെയ്ത ശമ്പളമായിരുന്നു ആകെയുള്ള കൈമുതല്‍. ഇംഗ്ലീഷ് അത്ര വശമില്ലായിരുന്നതിനാല്‍ പഠന സാമഗ്രികള്‍ കണ്ടെത്താന്‍ അല്‍പം ബുദ്ധിമുട്ടി. തന്റെ മുന്നിലുള്ള വെല്ലുവിളി വലുതാണെന്ന് അറിയുന്നത് കൊണ്ട് യുപിഎസ്‌സിക്ക് പുറമേ മറ്റ് മത്സരപരീക്ഷകളും എഴുതി. എഴുതിയ പരീക്ഷകളിലെല്ലാം തുടരെ പരാജിതനായി. 

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് നിന്നു വന്ന അവധിനെ തളര്‍ത്താന്‍ ഇതിനൊന്നും സാധിച്ചില്ല. ഒടുക്കം സ്ഥിരപ്രയത്‌നത്തിന് ഫലമായി 2015ല്‍ സിവില്‍ സര്‍വീസ് റാങ്ക് കൈപ്പിടിയിലാക്കി. 

സിവില്‍ സര്‍വീസ് പരീക്ഷപരിശീലനത്തിനായി ഇറങ്ങി തിരിക്കുന്നവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയോ അതില്ലെങ്കില്‍ പിന്തുണ നല്‍കുന്ന എന്തെങ്കിലും ജോലിയോ ഉള്ളത് നന്നാകുമെന്ന് അവധ് വിശ്വസിക്കുന്നു. മറ്റൊന്ന് അത്യാവശ്യമായി വേണ്ടത് പ്രചോദനം നല്‍കുന്ന കൂട്ടുകാരുടെ സംഘമാണ്. അവധിന് അത് ധാരാളമുണ്ടായിരുന്നു. 

ആദ്യ നാലു ശ്രമങ്ങളിലും അവധ് കോച്ചിങ് സെന്റുകളിലൊന്നും ചേര്‍ന്നിരുന്നില്ല. സ്വയം പഠനമായിരുന്നു. ഈ രംഗത്ത് അധ്യാപന പരിചയമുള്ളവരുടെ സഹായം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമേകുമെന്ന തിരിച്ചറിവിലാണ് അഞ്ചാം തവണ കോച്ചിങ് തേടിയത്. ഇംഗ്ലീഷ്, പ്രാദേശിക പത്രങ്ങള്‍ നിത്യവും വായിച്ചത് അഭിമുഖ പരീക്ഷകളിലും നോട്ട് തയ്യാറാക്കുന്നതിലും സഹായകമായി. 

ആദ്യ തവണ തനിക്കൊരു പരിചയവുമില്ലാത്ത പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഓപ്ഷണല്‍ വിഷയമായി എടുത്തത് മണ്ടത്തരമായെന്നും അവധ് ഓര്‍ക്കുന്നു. അറിയാവുന്നതോ പഠിച്ചതോ ആയ ഒരു വിഷയം ഓപ്ഷനായി എടുക്കുന്നത് പഠനഭാരം കുറയ്ക്കുമെന്ന തിരിച്ചറിവില്‍ പിന്നീട് ഹിന്ദി സാഹിത്യത്തിലേക്ക് ചുവട് മാറി. അതിന്റെ ഫലവും കണ്ടു. ഈ വിഷയത്തിന് 2015ല്‍ ഇന്ത്യയില്‍ തന്നെ രണ്ടാമത് എത്തിയിരുന്നു അവധ്. 

സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ബാച്ച്‌മേറ്റുകളെയും ജൂനിയര്‍ ആയിട്ടുള്ള ഉദ്യോഗസ്ഥരെയും കൂട്ടി ഒരു ഫെയ്സ്ബുക്ക് പേജും അവധ് ആരംഭിച്ചിട്ടുണ്ട്.