പറക്കവേ വിമാനഎൻജിൻ തകർന്നുവീണു; താഴെ ഹിമക്കരടി, അതിശൈത്യം; ഒടുവിൽ

വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ മഞ്ഞുപുതച്ചുകിടക്കുന്ന ഗ്രീന്‍ലാന്റിൽ നിന്നും ഹിമക്കരടികളുടെ ആക്രമണ ഭീതിയും മറികടന്ന് വിമാനത്തിന്റെ എൻജിൻ കണ്ടെത്തി. 2017 സെപ്റ്റംബര്‍, പാരിസില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് പറക്കുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ നാല് എൻജിനുകളിലൊന്ന് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് താഴേക്ക് പതിച്ചത്.മഞ്ഞുപുതച്ചുകിടക്കുന്ന ഗ്രീന്‍ലാന്റിലെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തേക്കാണ് എൻജിന്‍ കൂപ്പുകുത്തിയത്. ഈ അപകടം നടക്കുമ്പോള്‍ ജീവനക്കാരടക്കം അഞ്ഞൂറിലേറെ പേരുണ്ടായിരുന്നു വിമാനത്തില്‍. 

അപ്പോൾ 37,000 അടി മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന എയര്‍ബസ് എ380 യാത്രാവിമാനം രണ്ട് മണിക്കൂറിനുള്ളില്‍ കാനഡയില്‍ അടിയന്തരമായി ഇറക്കിയാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പക്ഷേ അപകടകാരണം കണ്ടെത്താൻ തകർന്നുവീണ എൻജിൻ വീണ്ടെടുക്കണമായിരുന്നു. ഗ്രീന്‍ലാന്റിലെ അതിശൈത്യവും മറഞ്ഞിരിക്കുന്ന മഞ്ഞുപാളികളിലെ വിള്ളലുകളും ഹിമക്കരടികളുടെ ആക്രമണങ്ങളുമെല്ലാം തിരച്ചിലിന് തിരിച്ചടിയായി. 

ഫ്രോസ്റ്റി ബോയ് എന്ന പേരില്‍ ലൈന്‍സ് എന്നയാള്‍ നിര്‍മിച്ച റോബോട്ടാണ് ഒടുവില്‍ ഈ പ്രതിസന്ധി അവസാനിപ്പിച്ചത്. മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശങ്ങളിലെ ഭൂമിയിലെ പിളര്‍പ്പുകളുടെ ഭൂപടം നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ഈ റോബോട്ടിനെ നിര്‍മിച്ചത്. മഞ്ഞില്‍ മറഞ്ഞിരിക്കുന്ന പിളര്‍പ്പുകള്‍ തേടിപോയ ഫ്രോസ്റ്റി ബോയുടെ സെന്‍സറുകള്‍ മഞ്ഞിലെ ആഴങ്ങളില്‍ നിന്നും അസാധാരണമായ സിഗ്നലുകള്‍ കണ്ടെത്തുകയായിരുന്നു. 13 അടി വീതിയുള്ള കൂറ്റന്‍ ഗര്‍ത്തത്തില്‍ നിന്നും വെറും 20 അടി മാത്രം അകലെയായിട്ടായിരുന്നു ഈ വിമാനത്തിന്റെ എൻജിന്‍ കിടന്നിരുന്നത്. പിന്നീട് മാസങ്ങളുടെ പരിശ്രമം വേണ്ടിവന്നു എൻജിൻ പുറത്തെത്തിക്കാൻ. 

എന്താണ് എയര്‍ ഫ്രാന്‍സ് വിമാനത്തിന് സംഭവിച്ചത് എന്നത് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഈ എൻജിിന്‍ ഭാഗങ്ങള്‍ നല്‍കി. നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചവര്‍ അറ്റകുറ്റപ്പണിയിലെ അപാകതയെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാല്‍ കോള്‍ഡ് ഡ്വെല്‍ ഫോറ്റീഗ് എന്ന അവസ്ഥയാണ് അപകടകാരണമെന്ന് തിരുത്തേണ്ടിവന്നു. വിമാനത്തിന്റെ എൻജിന്റെ ഫാന്‍ നിര്‍മിക്കാനുപയോഗിക്കുന്ന ടൈറ്റാനിയത്തിന്റെ Ti 6-4 എന്ന ലോഹത്തിന്റെ പോരായ്മയാണിതെന്ന് തിരിച്ചറിഞ്ഞു.