അറിഞ്ഞു കഴിക്കാം ആരോഗ്യ ഭക്ഷണം; കരുതാം വിശക്കുന്നവരെ

ഇന്ന് ലോക ഭക്ഷ്യദിനം. വായുവും  ജലവും പോലെ തന്നെ ഒരു മനുഷ്യന്‍റെ ജന്മസിദ്ധമായ അവകാശമാണ് ആഹാരവും. വിശപ്പും ദാരിദ്ര്യവും തുടച്ചുനീക്കുക എന്നത് ലോകസമൂഹത്തിന് അത്യന്താപേക്ഷിതമാണ് എന്ന് ഓരോ ഭക്ഷ്യദിനവും നമ്മളെ ഓര്‍മിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന് ആരോഗ്യപരമായ പരിഹാരങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ ഐക്യരാഷ്ട്രസഭയുടെ സന്ദേശം. 

1979മുതലാണ് ഐക്യരാഷ്ട്രസഭ ഭക്ഷ്യദിനം ആചരിച്ചുതുടങ്ങിയത്. ദാരിദ്യത്തിനും വിശപ്പിനും കാരണമായ പ്രശ്നങ്ങളെക്കുറിച്ച്് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്. പട്ടിണി മരണങ്ങള്‍ വര്‍ധിച്ചുവരുന്ന , വിശന്നു വലയുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. 

ലോകഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലെ 20 കോടിയിലധികം മനുഷ്യര്‍ കൊടും പട്ടിണിയുടെ വക്കിലാണ്. കണക്ക് എടുത്താല്‍ 6പേരില്‍ഒരാള്‍ ഭക്ഷണം കിട്ടാതെ വലയുന്നു. ലോകജനസംഖ്യയുടെ 10% ഇപ്പോഴും ദാരിദ്യമാപ്പിനു താഴെയാണ്. മധ്യ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുതല്‍. വിശക്കാതെ ജീവിക്കുക എന്നത് ഓരോ മനുഷ്യന്‍റയും അവകാശമാണെന്ന് ഈ കണക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. 

ഭക്ഷണം പാഴാക്കാതിരിക്കാന്‍ മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ പോരാ. നല്ല ഭക്ഷണംകൃത്യമായി കഴിക്കുവാനും ശ്രദ്ധിക്കണം. മാറുന്ന ജീവിതരീതിയിലെ ഭക്ഷണക്രമങ്ങള്‍ മനുഷ്യന്‍റെ ആരോഗ്യനിലയെ സാരമായി ബാധിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മനുഷ്യനെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ശീലമാക്കേണ്ടിയിരിക്കുന്നു. ചിട്ടയില്ലാത്ത ഭക്ഷണരീതികള്‍ അമിതവണ്ണം , രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമകുന്നു. 

കോവിഡ്  മഹാമാരി ഉണ്ടാക്കിയ സാമ്പത്തീക പ്രതിസന്ധി തുടരുന്നത് മനുഷ്യനെ വീണ്ടും പട്ടിണിയിലാക്കുന്നു. 2021ഓടെ 15കോടിയോളം ആളുകള്‍ തീവ്രദാരിദ്യത്തിന് കീഴിലാകുമെന്നാണ് റിപ്പോര്‍ട്ട് . ഭക്ഷ്യദാരിദ്യത്തെ തുടച്ചു നീക്കുന്നതിനായി ഗ്രാമങ്ങളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലകള്‍ വീണ്ടും ഉണരണം. കാര്‍ഷിക മേഖലക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കണം. വിശക്കുന്ന വയറുകള്‍ ഇല്ലാത്ത ലോകമാകട്ടെ ഈ ഭക്ഷ്യദിനത്തില്‍ നമ്മുടെ പ്രത്യാശ.