'സ്വർണ'ക്കടൽ പോലെ കനോലപ്പൂക്കൾ; അഴകായി മഞ്ഞ വസന്തം; വിസ്മയം

കണ്ണെത്താ ദൂരത്തോളം സ്വർണനിറത്തിൽ പൂത്ത് കിടക്കുകയാണ് ചൈനയിലെ ലൂപ്പിംഗ് കൗണ്ടി. ഹെക്ടറുകളോളം പൂത്ത് നിറഞ്ഞ കനോലപ്പാടങ്ങളാണ് സഞ്ചാരികളുടെ കണ്ണിന് കുളിർമയാകുന്നത്.

ചൈനയില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന എണ്ണ നിര്‍മിക്കുന്നതും കടുക് വര്‍ഗ്ഗത്തില്‍ പെടുന്നതുമായ ഒരു സസ്യമാണ് കനോല. ഇതിന്‍റെ കൃഷി നടക്കുന്ന പാടങ്ങളാണ് ഈ കാഴ്ച ഒരുക്കുന്നത്. കനോല ഉള്‍പ്പെടുന്ന റേപ്സീഡ് ഓയിലുകളുടെ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്. നാലാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിവര്‍ഷം 2,473,000 ടണ്‍ ഓയില്‍ ആണ് പ്രതിവര്‍ഷം നിര്‍മിക്കുന്നത്.

സൂര്യോദയക്കാഴ്ചയാണ് കനോലപ്പാടത്തെ ആകർഷണം. പ്രഭാതസൂര്യൻ മഞ്ഞപൂക്കളിൽ തട്ടിയെത്തുമ്പോൾ കാണുന്ന കാഴ്ച സ്വപ്നമാണോ യാഥാർഥ്യമാണോയെന്ന് സംശയിച്ചുപോകുമെന്ന് സഞ്ചാരികൾ പറയുന്നു. ഫോട്ടോഗ്രാഫർമാരാണ് കനോലപ്പാടത്തെയും ലൂപ്പിങ് കൗണ്ടിയെയും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. വസന്തകാലത്ത് കനോലപ്പാടങ്ങൾ ഫോട്ടോഗ്രാഫർമാരെ കൊണ്ട് നിറയും. എത്രയെടുത്താലും മതിവരാത്തത്രയും സൗന്ദര്യം മഞ്ഞപ്പൂക്കൾ ഉള്ളിലൊളിപ്പിക്കുന്നുവെന്നാണ് സന്ദർശിച്ചു മടങ്ങുന്നവർ പറയുന്നത്. ജനുവരിയിലെ ലൂപ്പിങ് കനോല ഫ്ലവർ ടൂറിസം ഫെസ്റ്റിവലും ലോകശ്രദ്ധയാകർഷിച്ചതാണ്.