ഒരു ചായയ്ക്ക് ആയിരം രൂപ; ജോലി കളഞ്ഞ് ചായക്കട തുടങ്ങി യുവാവ്; അക്കഥ

ചായ പ്രേമികൾക്ക് രുചിയുടെ വേറിട്ട തലം സമ്മാനിക്കുന്ന ഒരു ചായക്കടയുണ്ട് പശ്ചിമ ബംഗാളിൽ. ഒരു ചായയ്ക്ക് ആയിരം രൂപവരെ വില വരുന്ന വ്യത്യസ്ത ചായകളാണ് ഇവിടെ വിൽപ്പനയ്ക്കുള്ളത്. ചായ ഇടാൻ ഉപയോഗിക്കുന്ന തെയില തന്നെയാണ് വില തീരുമാനിക്കുന്നതും. പാർത്ഥപ്രതീം ഗാംഗുലി എന്ന ചായക്കച്ചവടക്കാരൻ വ്യത്യസ്ത കൊണ്ട് രുചി കൂട്ടുകയാണ്.

ലോകത്തിലെ തന്നെ 115 വ്യത്യസ്ത ചായകളാണ് ഈ കടയിൽ ഉള്ളത്. ചായകളോടുള്ള പ്രണയം കൊണ്ട് മികച്ച ശമ്പളമുള്ള ജോലി രാജിവെച്ചാണ് ഇദ്ദേഹം ചായക്കച്ചവടത്തിന് ഇറങ്ങിയത്. ജപ്പാനിൽ നിന്നുള്ള സ്പെഷ്യൽ 'സിൽവർ നീഡിൽ വൈറ്റ് ടീ' ആണ് ഈ കൂട്ടത്തിൽ ഏറ്റവും വിലകൂടിയത്. ഈ തെയില ഒരു കിലോയ്ക്ക് 2.8 ലക്ഷം രൂപയാണ്.

ഇതിനൊപ്പം കിലോയ്ക്ക് 50,000 വരെ വില തുടങ്ങുന്ന ബോ-ലെയ് ടീ, കിലോ 14,000 രൂപ വിലയുള്ള ഷമോമിലേ ടീ എന്നിങ്ങനെ പൊന്നുവിലയുള്ള ചായപ്പൊടികൾ നിറയുന്നതാണ് ഈ ചായക്കട. ആയിരം പേർ കടന്നുപോകുമ്പോൾ അതിൽ 100 പേർ ഒരു ചായകുടിക്കാൻ വരുമെന്ന് ഗാംഗുലി പറയുന്നു. ചായക്കൊപ്പം തെയില കൂടി ഇവിടെ  നിന്നും വാങ്ങാൻ കഴിയും.