ഗ്ലാസാണെന്ന് കരുതി ബാഗിലിട്ടു; ഒടുവിൽ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം; അമ്പരപ്പ്

തെക്കുപടിഞ്ഞാറൻ അർക്കൻസാസിലുള്ള ഡയമണ്ട് പാർക്കിൽ നിന്നാണ് 9.07 കാരറ്റുള്ള വജ്രം കണ്ടെത്തിയത്. ഡയമണ്ട് സ്റ്റേറ്റ് പാർക്കില്‍ സന്ദർശനത്തിനെത്തിയ ബാങ്ക് മാനേജരായ കെവിൻ കിനാര്‍ഡ് ആണ് വജ്രം കണ്ടെത്തിയത്. 48 വർഷത്തിനിടയിൽ ഇതാദ്യമായാണ് പാർക്കിൽ നിന്ന് വലിയ വജ്രം ലഭിക്കുന്നത്. ഇവിടെ നിന്നു കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രമാണിത്.

കുട്ടിക്കാലം മുതൽ ഇവിടെ സന്ദർശിക്കുന്ന ആളായിരുന്നു കെവിൻ. ഇവിടം സന്ദർശിക്കാനെത്തുന്നവർക്ക് വജ്രം തിരയാനുള്ള അനുവാദമുണ്ട്. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുള്ള, ഡയമണ്ട് ലഭിക്കുന്ന ലോകത്തിലെ ഓരേയൊരു പാര്‍ക്കാണ് അര്‍ക്കൻസാസിലേത്.കെവിൻ കൂട്ടകാർക്കൊപ്പമാണ് ഡയമണ്ട് പാർക്ക് സന്ദർശിക്കാനെത്തിയത്. പാർക്കിലൂടെ നടക്കുന്നതിനിടയിലാണ് തിളങ്ങുന്ന വസ്തു കണ്ണിൽപ്പെട്ടത്. ഉടൻ തന്നെ അതെടുത്ത് ബാഗിലിട്ടു. ഗ്ലാസ് കഷണമാകും ഇതെന്നാണ് കെവിൻ ആദ്യം കരുതിയത്. 37.5 ഏക്കറോളം വരുന്ന പാർക്കിന്റെ തെക്കുകിഴക്കു ഭാഗത്തു നിന്നാണ് കെവിൻ ഇത് കണ്ടെത്തിയത്. തിളക്കമുള്ള വസ്തു ബാഗിലിട്ട ശേഷം കെവിൻ തന്റെ തിരച്ചിൽ മണിക്കൂറുകളോളം തുടർന്നു.

പിന്നീട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് കിട്ടിയ തിളങ്ങുന്ന വസ്തുവുമായി പാര്‍ക്കിലെ ഡയമണ്ട് ഡിസ്കവറി സെന്‍ററിലെത്തി. അവിടുത്തെ ജീവനക്കാരാണ് പരിശോധനയ്ക്ക് ശേഷം കെവിന് ലഭിച്ചത് വജ്രമാണെന്ന് വ്യക്തമാക്കിയത്. അടുത്തിടെ പാർക്ക് നന്നായി കിളച്ച് മറിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിൽ പ്രദേശത്ത് നല്ല രീതിയില്‍ മഴയും ലഭിച്ചിരുന്നു . ഇതൊക്കെയാവാം കെവിന് വജ്രം ലഭിക്കാനുള്ള  അനുകൂല ഘടകമായതെന്നാണ്  അധികൃതരുടെ നിഗമനം. ഈ വർഷം ഇതുവരെ 246 വജ്രങ്ങൾ ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. പാർക്ക് സന്ദ്ര‍ശിക്കുന്നവർ ദിവസേന ഒന്നുരണ്ട് വജ്രമെങ്കിലും മേഖലയിൽ നിന്നു കണ്ടെത്താറുണ്ട്.