കുമ്മനത്തും ടാറ്റയും ബിർളയും ഡാൽമിയയും; താരമായി ജോർജിന്റെ മക്കൾ

കുമ്മനത്തും ടാറ്റ, ബിർള, ഡാൽമിയ പേരുകാർ. കുമ്മനം കിണറ്റുംമൂട്ടിൽ സി.കെ. ജോർജ് തന്റെ 3 കുട്ടികൾക്ക് ഇന്ത്യയിലെ വൻ വ്യവസായികളുടെ പേരായ ടാറ്റ, ബിർള, ഡാൽമിയ എന്നു പേരുകൾ നൽകിയപ്പോൾ മറ്റൊരു കുട്ടിക്ക് അമേരിക്കൻ മിഷനറി ബില്ലി ഗ്രഹാമിന്റെ പേരും നൽകി. പേരു കൊണ്ട്  4 പേരും കുട്ടിക്കാലത്ത് കുമ്മനത്ത് താരമായി. വ്യവസായികളുടെ പേര് കുട്ടികൾക്ക് നൽകി അവരെ അറിയപ്പെടുന്നവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോർജിന്റെ ഈ പേരിടൽ. 

ടാറ്റയും ബിർളയും പെൺമക്കളാണ്, ഡാൽമിയയും ബില്ലി ഗ്രഹാമും ആൺമക്കളും.മുംബൈ റോയൽ നേവി ഉദ്യോഗസ്ഥനായിരുന്ന ജോർജ് സേവനം പൂർത്തിയാക്കി നാട്ടിൽ എത്തിയ ശേഷം ശോശാമ്മയെ വിവാഹം കഴിച്ചു. തുടർന്നു 1958ൽ കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായി വീണ്ടും ജോലിയിൽ പ്രവേശിച്ചു. ബില്ലി ഗ്രഹാം  കൊച്ചിയിൽ പ്രസംഗിക്കാനെത്തിയപ്പോൾ കേൾക്കാനായി ടാറ്റയെയും ബിർളയെയും കൂട്ടി ജോർജ് പോയി. തിരക്കിനിടെ ബിർളയെയും ടാറ്റയെയും കാണാതായി. 

അന്ന് ശോശാമ്മ ഗർഭിണിയായിരുന്നു. കാണാതായ കുട്ടികളെ കണ്ടെത്തിയാൽ ബില്ലി ഗ്രഹാമിന്റെ പേരിടാം എന്നു ജോർജ് വിചാരിച്ചു. കാണാതായ കുട്ടികളെ കണ്ടെത്തുകയും ശോശാമ്മയ്ക്കു പിറന്ന കുട്ടിക്ക് ബില്ലി ഗ്രഹാം  എന്ന പേരു നൽകുകയും ചെയ്തു. 56 വർഷം മുൻപു ജോലിയിലിരിക്കെ ജോർജ് മരിച്ചു. മക്കൾ കുട്ടികൾ ആയിരിക്കെയാണു ജോർജിന്റെ മരണം. അമ്മ ശോശാമ്മയാണ് ഇവരെ വളർത്തിയത്. 

ശോശാമ്മ കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മരിച്ചു. ഡാൽമിയയാണു കുമ്മനത്തെ കുടുംബത്തിൽ താമസം. അമ്മയുടെ മരണത്തെത്തുടർന്ന് 4 പേരും വീട്ടിൽ ഒത്തുകൂടി. ടാറ്റയ്ക്ക് 69 വയസ്സും ബിർളയ്ക്ക് 67 വയസ്സും ഡാൽമിയയ്ക്ക് 64 വയസ്സും ബില്ലി ഗ്രഹാമിന് 62 വയസ്സും ഇപ്പോഴുണ്ട്. ഇവരെ കൂടാതെ സൂസമ്മ എന്ന സഹോദരി കൂടി ഇവർക്കുണ്ട്.