സ്മാർട്ട് മറിയാമ്മ; വയസ്സ് 113; ആരോഗ്യരഹസ്യം

നൂറ്റിപ്പതിമൂന്നാം വയസ്സിലും പൊളിയാണ് മറിയാമ്മച്ചി . 3 ഇരട്ട പ്രസവം ഉൾപ്പെടെ 14 കുട്ടികൾക്ക് ജന്മം നൽകിയ മറിയാമ്മയുടെ നൂറ്റിപ്പതിമൂന്നാം ജന്മദിനം ആഘോഷമാക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബന്ധുക്കളും നാട്ടുകാരും. 

മൂവാറ്റുപുഴ മേക്കടമ്പ് കഴുതക്കോട്ട് പുത്തൻപുരയ്ക്കൽ ചാക്കോയുടെയും കുഞ്ഞളച്ചിയുടെയും മൂത്ത മകളായി 1908 ഓഗസ്റ്റ് 31നായിരുന്നു മറിയാമ്മയുടെ ജനനം. ഇരുപത്തിനാലാം വയസ്സിൽ വാളകം കുന്നയ്ക്കാലിൽ പാപ്പാലിൽ ഉതുപ്പ് വിവാഹം ചെയ്തു. പിന്നീടു ജോലിയുമായും മറ്റും ബന്ധപ്പെട്ട് കുടുംബം മലപ്പുറത്തേക്കു കുടിയേറി. 

മറിയാമ്മയുടെ 14 മക്കളിൽ 9 പേർ മരിച്ചു. 40 വർഷം മുൻപ് ഉതുപ്പ് മരിച്ചു. ഇപ്പോൾ 3 ആൺമക്കളും രണ്ടു പെൺമക്കളും 101 പേരക്കുട്ടികളും മറിയാമ്മയ്ക്കുണ്ട്. മക്കൾക്കും പേരക്കുട്ടികൾക്കുമൊ‌പ്പം നിലമ്പൂരാണ് ഇപ്പോൾ താമസം എങ്കിലും ഇടയ്ക്കിടെ കോലഞ്ചേരി ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ധ്യാനത്തിൽ പങ്കെടുക്കാനും ബന്ധുക്കളെ കാണാനുമൊക്കെ മേക്കടമ്പിലും കോലഞ്ചേരിയിലുമൊക്കെ എത്തും.

ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ജീവിത രീതികളാണ് തന്റെ ആരോഗ്യരഹസ്യമെന്നാണ് മറിയാമ്മ പറയുന്നത്. പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ, തൈറോയ്ഡ്, വാതം തുടങ്ങിയ രോഗങ്ങൾ ഒന്നും ഇല്ല. കാഴ്ചയ്ക്കും ഓർമയ്ക്കുമൊന്നും കുറവും വന്നിട്ടില്ല. 

രാവിലെ എഴുന്നേൽക്കും, കുളിക്കും. ചിട്ടയായ ഭക്ഷണ രീതി‌യാണ്. തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കില്ല. കട്ടൻചായ, കൃത്രിമ ഭക്ഷണങ്ങൾ എന്നിവയോടൊക്കെ വിരോധമാണ്. പ്രാർഥന മുടക്കാറില്ല. നാട്ടിലോ വീട്ടിലോ ആരോടും പിണക്കമില്ല, ആരുടെയും കുറ്റം പറയില്ല, ആരുടെയും കുറ്റം കേൾക്കാൻ ഇഷ്ടവുമില്ല.