വിമാന യാത്രയ്ക്കിടെ വയോധികയുടെ ജീവൻ രക്ഷിച്ച മലയാളി നഴ്സ്; ആകാശത്തിലെ താരമായി ഷിന്റു

വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ  ലക്ഷണങ്ങൾ കാണിച്ച 65 കാരിയെ രക്ഷിച്ച മലയാളി നഴ്സ് ആകാശത്തിലെ താരമായി. ലണ്ടനിൽ നഴ്സായ കാസർകോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചാബ് സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്.  വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന് 4 മണിക്കൂർ കഴിഞ്ഞപ്പോഴാണ് നേരത്തെ ഹൃദയ സ്തംഭനം വന്നിട്ടുള്ള വയോധികയക്കു വീണ്ടും ലക്ഷണങ്ങൾ കാണിച്ചത്. 

യാത്രക്കാരിൽ ഡോക്‌ടർമാരോ നഴ്‌സുമാരോ ഉണ്ടെങ്കിൽ സഹായിക്കണമെന്ന്‌ ഫ്‌ളൈറ്റ്‌ ക്രൂ അഭ്യർഥിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ പോലും മടിച്ചു നിന്നപ്പോൾ ഷിന്റു മുന്നോട്ടു വരികയായിരുന്നു. വിമാനം എമർജൻസി ലാൻഡിങ് നടത്താതെ ഡൽഹിയിൽ തന്നെ ഇറക്കുന്നതിന്‌ ഷിന്റുവിന്റെ പ്രവൃത്തി മൂലം സാധിച്ചു. ബുധനാഴ്ച നാട്ടിലെത്തിയ ഇവർ ക്വാറന്റീനിലാണ്. വയോധികയുടെ ജീവൻ രക്ഷിച്ച ഇവർക്ക് ആദരംനൽകാൻ കാത്തിരിക്കുകയാണ് ലണ്ടനിലെ മലയാളികൾ.