ആകെ കറങ്ങിപ്പോയി കൊച്ചുണ്ണിപ്പൂച്ച; പേടിച്ചരണ്ടു കാത്തിരുന്നത് ഒരു രാത്രിയും പകലും

വഴിതെറ്റി ഒറ്റപ്പെട്ടുപോയ കൊച്ചുണ്ണി പേടിച്ചരണ്ടു കാത്തിരുന്നത് ഒരു രാത്രിയും പകലും. ഇന്നലെ വൈകിട്ട് തിരികെ വീട്ടിലെത്തിയപ്പോൾ ഉണ്ടക്കണ്ണടച്ച് ആശ്വാസത്തോടെ പറഞ്ഞു..‘‘ മ്യാവൂ...’’ പേർഷ്യൻക്യാറ്റ് ഇനത്തിൽപ്പെട്ട ഒരുവയസുകാരൻ കൊച്ചുണ്ണിപ്പൂച്ച ചൊവ്വാഴ്ച രാത്രിയാണ് തൊണ്ടയാട്ടെ ഫ്ലാറ്റിൽനിന്ന് പുറത്തേക്കിറങ്ങിയത്. റോഡിലൂടെ അൽപദൂരം സഞ്ചരിച്ച ശേഷം ഒറ്റപ്പെട്ടുപോയി. ചുറ്റും തെരുവുനായ്ക്കളും മറ്റു പൂച്ചകളുമെത്തിയതോടെ പേടിച്ചരണ്ടു നിൽപ്പായി. അപ്പോഴാണ് അതുവഴിവന്ന തൊണ്ടയാട്  വേട്ടുപുരയ്ക്കൽ ദിൻരൂപ് പൂച്ചയെ ശ്രദ്ധിച്ചത്. കഴുത്തിലെ തുടലും അലങ്കാരവുമൊക്കെ കണ്ടപ്പോൾ ആരോ ഓമനിച്ചുവളർത്തുന്ന പൂച്ചയാണെന്ന് ഉറപ്പിച്ചു.

പൂച്ചയെ നായ്ക്കളിൽനിന്നു രക്ഷിച്ച് വീട്ടിലെത്തിച്ചു ഭക്ഷണം കൊടുക്കാൻ നോക്കിയെങ്കിലും ഒന്നും കഴിച്ചില്ല. തുടർന്ന് ഇന്നലെ രാവിലെ ദിൻരൂപ് കടയിൽപോയി പൂച്ചകൾക്കുള്ള ‘ഫുഡ്’ വാങ്ങിക്കൊണ്ടുവന്നു.പൂച്ചയുടെ ഉടമസ്ഥനെ അന്വേഷിച്ചു പ്രദേശത്തെ സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ സന്ദേശവും പേടിച്ചരണ്ട ഉണ്ടക്കണ്ണുള്ള കൊച്ചുണ്ണിയുടെ ചിത്രവും ചീറിപ്പാഞ്ഞു. തുടർന്നാണു പൂച്ചയുടെ ഉടമസ്ഥന്റെ ഫോൺകോൾ ദിൻരൂപിനെ തേടിവന്നത്.തൊണ്ടയാട് ഫ്ലാറ്റിൽ താമസിക്കുന്ന അബ്ദുൽ റഊഫിന്റെ പ്രിയപ്പെട്ട പേർഷ്യൻ പൂച്ചയാണ് കൊച്ചുണ്ണി. പൂച്ചയ്ക്കുള്ള പ്രത്യേക ഭക്ഷണമല്ലാതെ മീൻ പോലും കഴിക്കാറില്ല. പ്രിയതമയും നാലു കുട്ടികളുമായാണു കൊച്ചുണ്ണിയുടെ താമസം. 

സാധാരണ വാതിൽതുറന്നാൽ പുറത്തേക്കോടി ചുറ്റിക്കറങ്ങി തിരികെവരുന്നതാണു പതിവ്. എന്നാൽ, കൊച്ചുണ്ണി തിരികെയെത്താതായതോടെ ആകെ ആശങ്കയായി. ഒടുവിൽ എല്ലാം കോംപ്ളിമെന്റ്സായെങ്കിലും കൊച്ചുണ്ണിക്ക് ഇപ്പോഴും ശരിക്കങ്ങോട്ടു പിടികിട്ടുന്നില്ല, എന്താണു സംഭവിച്ചതെന്ന്.