ആദ്യം പരിശീലകന്റെ കാലിൽ കെട്ടിപിടിച്ചു കിടന്നു; മൂന്നാം ദിനം ഹീൽ വോക്ക് പഠിച്ച് കുവി

പെട്ടിമുടി ദുരന്തം ജീവൻ കവർന്ന ധനുഷ്‌കയെന്ന രണ്ടുവയസ്സുകാരിയുടെ കുവിയെന്ന വളർത്തുനായ പൊലീസ് ഡോഗ് സ്ക്വാഡിൽ ഹീൽ വോക് പഠനം പൂർത്തിയാക്കി. 3 ദിവസം കൊണ്ടാണു പൊലീസ് ഡോഗ് സ്ക്വാഡിനു നൽകുന്ന ഹീൽ വോക് പഠനം കുവി പഠിച്ചെടുത്തത്.  ആദ്യം പരിശീലകൻ അജിത്തിന്റെ കാലിൽ കെട്ടിപ്പിടിച്ചു കിടന്നെങ്കിലും 3 ദിവസം കൊണ്ടു പഠനം പൂർത്തിയാക്കി. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണു കുവി.

സംസ്ഥാനത്ത് ആദ്യമായാണു പുറത്തു നിന്നുള്ള നായയെ പൊലീസ് ഡോഗ് സ്ക്വാഡിലേക്കു നിയമിക്കുന്നത്. ഇതിനായി സർക്കാർ  ഉത്തരവിറക്കാനും നടപടി ആരംഭിച്ചു. പുത്തൻ കൂട്, പുതിയ ഭക്ഷണ ക്രമീകരണം, പരിചരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ പട. വൈദ്യപരിശോധനയ്ക്കു ഡോക്ടർ, ചുറ്റും ജില്ലാ ഡോഗ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾ എന്നിങ്ങനെ വൻ സംവിധാനങ്ങളാണു കുവിക്കായി ഒരുക്കിയിരിക്കുന്നത്.

വൈദ്യ പരിശോധനയിൽ കുവിയുടെ ആരോഗ്യം ഫിറ്റാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് ഡോഗിനു നൽകുന്ന വാക്സീൻ നൽകാനും തുടങ്ങി. ഇതോടെ രണ്ടും മൂന്നും ഘട്ട പരിശീലനങ്ങളിലേക്കു കുവി കടന്നു. ജില്ലാ ഡോഗ് സ്ക്വാഡ് ഇൻ ചാർജ് എസ്ഐ റോയി തോമസ്,  ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരായ അജിത് മാധവൻ, സജി ജോൺ, ജെറി ജോർജ്, രഞ്ജിത്ത് മോഹൻ, ഡയസ് ടി. ജോസ്, നിതിൻ ടി. സുരേഷ് എന്നിവരടങ്ങിയ സംഘമാണു കുവിയെ പരിപാലിക്കുന്നത്.