ടയറിൽ തീ കൊളുത്തി യൂട്യൂബറുടെ അഭ്യാസം; വിഡിയോയ്ക്കെതിരെ വൻ രോഷം

ഗോസ്റ്റ് റൈഡർ എന്ന സിനിമയിലെ രംഗം അനുകരിച്ച് യൂട്യൂബറിന്റെ തീക്കളി. കാണികളെ ത്രസിപ്പിച്ച ടയറിൽ തീഗോളവുമായി പോകുന്ന ബൈക്കിന്റെ രംഗമാണ് മിസ്റ്റർ ഇന്ത്യൻ ഹാക്കർ എന്ന യൂട്യൂബ് ചാനലിൽ പുനർ അവതരിപ്പിച്ചിരിക്കുന്നത്. ഈ പരീക്ഷണ തീക്കളിക്കെതിരെ ശക്തമായ പ്രതിഷേധ കമന്റുകളാണ് വരുന്നത്. 

ബൈക്കിന്റെ ടയറിൽ കറുത്ത തുണി ചുറ്റിയ ശേഷം രണ്ടുപേർ കയറിയ ശേഷം ടയറിൽ തീ കൊളുത്തി മുന്നോട്ട് പോകുന്നതാണ് വിഡിയോ. 20 മീറ്ററോളം ആളികത്തിയ തീയുമായി ബൈക്കിൽ ഇവർ സഞ്ചരിക്കുന്നുണ്ട്. സുരക്ഷമുൻകരുതലുകൾ യാതൊന്നുമുണ്ടായിരുന്നില്ല. തീ ആളികത്തിയതിനെത്തുടർന്ന് ആളുകൾ വെള്ളവും മണ്ണും ഉപയോഗിച്ച് തീ അണയ്ക്കുന്നതും കാണാം. 

സിനിമകളിൽ കൃത്യമായ സുരക്ഷാമുൻകരുതലോടെയാണ് ഇത്തരം രംഗങ്ങൾ എടുക്കുന്നത്. അതിന് അനുയോജ്യമായ വസ്ത്രവും കയ്യുറയും എല്ലാം ധരിക്കും. എന്നാൽ ഇവിടെ യുവാക്കൾ വേഗം തീ ആളിപ്പടരാൻ സാധ്യതയുള്ള തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് തീക്കളിക്ക് ഇറങ്ങിയത്.