വീട്ടിൽ ഇന്റർനെറ്റ് ഇല്ല; ഹോട്ടലിന്റെ വൈഫൈ ഉപയോഗിച്ച് തെരുവിലിരുന്ന് പഠനം

കൊറോണ വൈറസ് വ്യാപനത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസ്സുകൾ ഓൺലൈനായി എടുത്തു തുടങ്ങിയത്  പലരും ഏറെ ആശ്വാസമായാണ് കണക്കാക്കുന്നത്. എന്നാൽ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലയെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണ് കാലിഫോർണിയയിൽ നിന്നും പുറത്തു വരുന്നത്. വീട്ടിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് വേണ്ടി ഒരു റസ്റ്റോറന്റിലെ സൗജന്യ വൈഫൈ ഉപയോഗിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്ന രണ്ട് പെൺകുട്ടികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

അമേരിക്കയിലെ പ്രശസ്ത ഭക്ഷണ ശൃംഖലയായ ടാക്കോ ബെൽ റസ്റ്റോറന്റിന് മുന്നിലെ കാർ പാർക്കിങ്ങിലാണ് പെൺകുട്ടികൾ ഓൺലൈൻ പഠനം നടത്തുന്നത്. ഈ കാഴ്ചകണ്ട ആരോ ഒരാൾ പകർത്തിയതാണ് ചിത്രം.  മാറിവരുന്ന സാഹചര്യങ്ങളിൽ തുടർവിദ്യാഭ്യാസം നടത്തുക എന്നത് എല്ലാവർക്കും ഒരുപോലെയല്ലയെന്ന് ഓർമ്മിപ്പിക്കൽ കൂടിയാണിത്. പെൺകുട്ടികളുടെ ചിത്രം വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികാരികളുടെ ശ്രദ്ധയിലും എത്തി. ഇതേത്തുടർന്ന് അവർക്ക് വീട്ടിൽതന്നെ ഹോട്സ്പോട്ട് സംവിധാനം ഒരുക്കി കൊടുത്തിട്ടുണ്ട്.

പെൺകുട്ടികളുടെ ആവശ്യത്തിന് പരിഹാരം കാണാൻ സാധിച്ചെങ്കിലും കൊറോണ മഹാമാരിയെ തുടർന്ന്  ഇപ്പോഴും ശരിയായ വിധത്തിൽ വിദ്യാഭ്യാസം തുടരാൻ സാധിക്കാത്ത അനേകം കുട്ടികൾ ലോകമെമ്പാടുമുണ്ട് എന്ന തിരിച്ചറിവാണ് സംഭവം നൽകുന്നത്. വിദ്യാർത്ഥികളുടെ ചിത്രം വൈറലായതിനു പിന്നാലെ അവർക്ക് വേണ്ടി ഫണ്ട് റൈസിംഗും പലഭാഗങ്ങളിലായി നടന്നിരുന്നു. ഇതിൽ നിന്നും അവരുടെ കുടുംബത്തിനായി 1,30,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.