മുഖമൂടി കള്ളന് ഇഷ്ടം ‘ഇരുപത്തെട്ട് കെട്ട്’ നടന്ന വീടുകൾ; കുട്ടികൾ ആശുപത്രിയിലായ സംഭവങ്ങളും

എൺപതോളം വീടുകളിൽ മോഷണം നടത്തിയതിന് അറസ്റ്റിലായ കുമാരപുരം താമല്ലാക്കൽ മാണിക്കേത്ത് വീട്ടിൽ അജിത് തോമസിനെ (43) കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനാ ഫലം വന്ന ശേഷമേ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങൂ.

നവജാത ശിശുക്കളുടെ  ഇരുപത്തെട്ട് കെട്ട് നടന്ന വീടുകൾ അജിത് തോമസിന് വളരെ ഇഷ്ടമാണ്. പിന്നെയിഷ്ടം വിവാഹ, മരണ വീടുകളോട്. 5 വർഷംകൊണ്ട് 80 മോഷണം നടത്തി കഴിഞ്ഞ ദിവസം പിടിയിലായ അജിത് തോമസിനെതിരെ പൊലീസ് തയാറാക്കിയ 31 പ്രഥമ വിവര റിപ്പോർട്ടുകളിൽ ഏറെയും ഇരുപത്തെട്ട് കെട്ടു നടന്ന വീടുകളിലെ കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ചതിനാണ്.

ബാക്കിയുള്ളവ വിവാഹ, മരണ വീടുകൾ. ഓപ്പറേഷൻ നൈറ്റ് റൈഡർ എന്ന പേരിലുള്ള പ്രത്യേക സ്ക്വാഡിന്റെ അന്വേഷണത്തിന്റെ വഴികളിൽ കണ്ടെത്തിയ കൗതുകകരമായ വിവരങ്ങളാണിവ. ഹരിപ്പാട് താമല്ലാക്കൽ സ്വദേശികളായ ചിലർക്കു തോന്നിയ സംശയത്തിൽനിന്നായിരുന്നു പൊലീസിന്റെ ആ വഴിക്കുള്ള അന്വേഷണം.

മോഷ്ടാവ് താമല്ലാക്കൽ സ്വദേശി തന്നെയാവുമെന്ന സംശയം നാട്ടുകാർ പൊലീസിനോടു പങ്കുവച്ചിരുന്നു. ഇരുപത്തെട്ട് കെട്ടു നടന്ന പല വീടുകളിലും മോഷണം നടന്നതായിരുന്നു സംശയത്തിനു കാരണം. പ്രദേശത്തെ വീടുകളെപ്പറ്റി നന്നായി അറിയാവുന്ന ആളാവും മോഷ്ടാവെന്ന് നാട്ടുകാർ തീർത്തു പറഞ്ഞു.  

മോഷണങ്ങൾ തുടർന്നതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചിരുന്നു. ലുങ്കി പുതച്ച്, മുഖംമൂടി വച്ചെത്തിയ മോഷ്ടാവിനെ കണ്ടു കുട്ടികൾ പേടിച്ച് ആശുപത്രിയിലായ സംഭവങ്ങളുണ്ട്. കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങളും മോഷ്ടാവിന്റെ ചിത്രങ്ങളും കാണിച്ചു ചില കുട്ടികളെ ആശ്വസിപ്പിക്കേണ്ടി വന്നു പൊലീസിന്.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ ആലപ്പുഴ, മാവേലിക്കര, അരൂർ, തൃശൂർ എന്നിവിടങ്ങളിലെ സ്വർണക്കടകളിൽ വിറ്റതായാണ് ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി നൽകിയത്. കരുവാറ്റ, താമല്ലാക്കൽ പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണങ്ങളെപ്പറ്റി പൊലീസിന് കൂടുതൽ പരാതികൾ ലഭിച്ചു. അഞ്ചുവർഷം കൊണ്ട് ഏകദേശം നൂറു പവനും 2 ലക്ഷത്തോളം രൂപയും അജിത് തോമസ് അപഹരിച്ചതായി പൊലീസ് പറയുന്നു. സിഐ ആർ.ഫയാസിന്റെ നേതൃത്വത്തിൽ 2 എസ്ഐമാർ, 3 എഎസ്ഐമാർ, 3 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.

പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ എഴുതിത്തള്ളിയ പഴയ മോഷണ കേസുകൾ പുതുതായി റജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്നു സിഐ ആർ.ഫയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെ കെവി ജെട്ടി റോഡിലുള്ള വീടുകളിൽ മോഷണ ശ്രമം നടത്തി തിരികെ വരുമ്പോൾ കരുവാറ്റ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം വച്ച് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം മോഷ്ടാവിനെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.