റിസോർട്ടുകൾക്ക് ലോക്ഡൗൺ; ഉള്ളിക്കച്ചവടത്തിന് മുതലാളിയും തൊഴിലാളികളും

കോവിഡ് വ്യാപനത്തിൽ തകർന്ന ടൂറിസം മേഖലയിൽ തന്റെ റിസോർട്ടുകൾക്ക് താഴു വീണപ്പോൾ പെരുവഴിയിലാകുമായിരുന്ന തൊഴിലാളികളെ ഒപ്പം ചേർത്ത് ഉള്ളിക്കച്ചവടത്തിനിറങ്ങിയിരിക്കുകയാണ് മുത്തങ്ങ സ്വദേശി ബിജു. പുണെയിൽ നിന്ന് ഇടനിലക്കാരില്ലാതെ സവാള നേരിട്ട് ഇറക്കുമതി ചെയ്തു ചെറുകിട കച്ചവടക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്.സഹായികളും സഹകാരികളുമായി റിസോർട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളുമുണ്ട്. മുത്തങ്ങയിൽ ഗോഡൗൺ ഒരുക്കിയാണു മൊത്തക്കച്ചവടം. സവാളയ്ക്കു പുറമേ വെളുത്തുള്ളി, ചെറിയുള്ളി, ഉരുളക്കിഴങ്ങ്, എന്നിവയും വിൽപനയ്ക്കെത്തിക്കാൻ പദ്ധതിയുണ്ട്. രണ്ടാഴ്ച മുൻപു തുടങ്ങിയ ബിസിനസിൽ ഇതു വരെ 50 ക്വിന്റൽ ഉള്ളി വിറ്റഴിച്ചതായി ബിജു പറയുന്നു.

കർഷക കുടുംബാംഗമായ ബിജു തന്റെ ഗ്രാമത്തിൽ രണ്ട് ചെറുകിട റിസോർട്ടുകളാണ് നടത്തിയിരുന്നത്. വയനാട് നാച്വറൽ റിസോർട്ടും ഡ്രീം നെസ്റ്റും. പിന്നീടത് ഒന്നാക്കി. 2006 തുടങ്ങിയ റിസോർട്ട് നല്ല നിലയിൽ പ്രവർത്തിച്ചു വന്നെങ്കിലും നോട്ടു നിരോധനവും മറ്റും പ്രതിസന്ധി വരുത്തിയിരുന്നു. അതിൽ നിന്നു കര കയറി റിസോർട്ടിൽ തുടങ്ങിയപ്പോഴാണ് കോവിഡിന്റെ സംഹാര താണ്ഡവം.മാസങ്ങളായി വരുമാനം ഇല്ലാതായതോടെ ബിജുവും തൊഴിലാളികളും ഏറെ പ്രയാസത്തിലായി. തുടർന്നുണ്ടായ ചിന്തകളിലാണ് ഉള്ളിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. എൻജിനീയറിങ് കഴിഞ്ഞ മകൻ കൃതികിനെയും സിഎ കഴിഞ്ഞ മകൾ കൃപയെയും കച്ചവടത്തിൽ ഒപ്പം കൂട്ടി. അധ്യാപികയായ ഭാര്യ റെനിയും പിന്തുണച്ചു. ഉള്ളി പായ്ക്കറ്റുകളിലാക്കി വിൽക്കാനും പദ്ധതിയുണ്ട്.