കാത്തിരിപ്പിനൊടുവിൽ പി നൾ രക്തമെത്തി; അനുഷ്കയ്ക്ക് ശസ്ത്രക്രിയ നാളെ

ലോകമെങ്ങും തിരഞ്ഞതിനൊടുവിൽ അനുഷ്കയ്ക്കായി പി നൾ രക്തം എത്തി. അത്യപൂർവ രക്തഗ്രൂപ്പാണ് പി നൾ. ഇതോടെ അഞ്ചു വയസുകാരി അനുഷ്കയുടെ നിർണായക ശസ്ത്രക്രിയ നാളെ നടക്കും. മഹാരാഷ്ട്രയിലെ നാസികിൽ നിന്നാണ് രക്തം ലഭിച്ചത്. നാസികിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് വിമാനമാർഗം കൊച്ചിയിലേക്കും രക്തം എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയോളം നീണ്ടു നിന്ന തിരച്ചിലാണ് ഇതോടെ സഫലമായത്. 

മലപ്പുറം സ്വദേശി സന്തോഷിന്റെ മകളായ അനുഷ്കയ്ക്ക് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഗുരുതരമായ പരുക്കേറ്റത്. വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് പരുക്കേറ്റ അനുഷ്കയുടെ തലയോട്ടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ലോകമെങ്ങും പി നൾ ഗ്രൂപ്പുകാരനെ തിരഞ്ഞത്. ഗുജറാത്തിലായിരുന്ന കുടുംബം കുഞ്ഞിന്റെ വിദഗ്ധ ചികിൽസയ്ക്കായി കൊച്ചി അമൃതയിലാണ് ഇപ്പോഴുള്ളത്.

അത്യപൂർവ രക്തഗ്രൂപ്പായ പി നൾ അനുഷ്കയിലും മംഗലാപുരം സ്വദേശിയിലും മാത്രമാണ് രാജ്യത്തുണ്ടായിരുന്നതായി കരുതിയിരുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അന്വേഷണം ശക്തമായതോടെ നാസിക് സ്വദേശിയെ കൂടി കണ്ടെത്തുകയായിരുന്നു.