നിങ്ങളുടെ കണ്ണീരിന് ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല; പക്ഷേ രക്തത്തിന് സാധിക്കും

ജൂൺ 14 ലോക രക്തദാന ദിനം. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം സുരക്ഷിതമായ രക്തദാനത്തെയും രക്തഘടകങ്ങളെയും കുറിച്ച് ബോധവത്കരണം നടത്താനാണ് ഇങ്ങനെയൊരു ദിനാചരണം. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ച കാൾ  ലാൻഡ് സ്റ്റീനെറുടെ  ജന്മദിനമാണ് അന്നേ ദിവസം. രക്തദാനം ജീവദാനമാണെന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമെങ്കിലും പ്രാവർത്തികമാക്കുന്നവർ  വളരെ കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

എന്താണ് രക്തദാനം? 

പൂർണ ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തം മറ്റൊരാൾക്ക് നൽകുന്നതാണ് രക്തദാനം. രക്തം ആവശ്യം ഉള്ള ആൾക്ക് നേരിട്ട് നൽകുകയോ രക്തബാങ്കുകളിൽ നൽകുകയോ ചെയ്യാം. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ ശരാശരി 5 ലിറ്റർ രക്തം ഉണ്ടാകും. സാധാരണഗതിയിൽ 350 മില്ലി ലിറ്റർ രക്തം മാത്രമാണ് ദാനത്തിനായി ശേഖരിക്കുന്നത്. ഈ രക്തം ആകട്ടെ വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ വീണ്ടും ഉണ്ടാവുകയും ചെയ്യും. ദാതാവിന് അത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല . ശസ്ത്രക്രിയകളുടെ സമയത്തും ആക്സിഡന്റ് ഉണ്ടാകുമ്പോഴും അവയവങ്ങൾ മാറ്റി വെക്കുമ്പോഴും പല രോഗാവസ്ഥകളിലും രക്തം ആവശ്യമാണ്. ഇപ്പോൾ രക്തം അതിന്റെ ഘടകങ്ങളായ പ്ലേറ്റ്ലെറ്റ്, പ്ലാസ്മ എന്നിവയായി സൂക്ഷിക്കാൻ സാധിക്കും. 

ആർക്കെല്ലാം രക്തദാതാവ് ആകാം? 

18 നും 55 നും ഇടയിൽ പ്രായമുള്ള,  45 കിലോയിലധികം ഭാരമുള്ള,  പൂർണ്ണ ആരോഗ്യം ഉള്ള ആർക്കും രക്തം ദാനം ചെയ്യാം. എവിടെയും എന്നപോലെ ഇവിടെയും സ്ത്രീകൾ മാറി നിൽക്കരുത്. ഹീമോഗ്ലോബിന് അളവ് 12.5 ഗ്രാം ഉണ്ടാവണം. മുലയൂട്ടുന്ന അമ്മമാർ, പ്രസവിച്ച ഒരുവർഷം തികയാത്തവർ എന്നിവർ രക്തം നൽകേണ്ടതില്ല. 

എന്തെല്ലാം ശ്രദ്ധിക്കണം? 

രക്തത്തിലൂടെ രോഗാണുക്കൾ പകരാൻ സാധ്യത വളരെയേറെയാണ്. അതുകൊണ്ടു തന്നെ കൃത്യമായ രക്ത പരിശോധനക്ക് ശേഷമേ രക്തം ദാനം ചെയ്യാൻ സാധിക്കൂ. എച്ച്ഐവി, ഹൃദ്രോഗം രക്തസമ്മർദ്ദം, പ്രമേഹം, ക്യാൻസർ, കരൾ രോഗങ്ങൾ എന്നിവയുള്ളവർ രക്തം ചെയ്യാൻ എന്നിവയുള്ളവർ  രക്തം ദാനം ചെയ്യാൻ പാടില്ല. ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരും രക്തദാനം ചെയ്യരുത്. 

വെല്ലുവിളികൾ

രക്തം ദാനം ചെയ്യാൻ മുന്നോട്ടു വരുന്നവർ കുറവാണ് എന്നത് തന്നെയാണ് വെല്ലുവിളി. രക്തബാങ്കുകളിൽ രക്തം ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ സൂക്ഷിക്കാൻ സാധിക്കുക ഉള്ളൂ . അതിനാൽ ഇടയ്ക്കിടെ രക്തം പുതുക്കേണ്ടിവരും. സ്വയം സന്നദ്ധരായ ദാതാക്കൾ ഉണ്ടെങ്കിൽ മാത്രമേ ഈ പ്രക്രിയ മുന്നോട്ടു പോകു. സാധാരണ ഗ്രൂപ്പുകളിലെ രക്തം കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. അപ്പോൾ പല അപൂർവ രക്തഗ്രൂപ്പുകളുടേയും കാര്യം പറയേണ്ടതില്ലല്ലോ. പണം വാങ്ങി രക്തം വിൽക്കുന്ന നടപടി ഇന്ന് നിരോധിച്ചിട്ടുണ്ട്. അതിനാൽ ബ്ലഡ് ബാങ്കുകൾ തന്നെയാണ് എല്ലാവർക്കും ആശ്രയിക്കാവുന്ന മാധ്യമം. 

ജീവന്റെ, കരുണയുടെ, കടമയുടെ ദ്രവരൂപം ആണ്  രക്തം. അത് നമുക്ക് ചിന്താതിരിക്കാം പകരം ദാനം ചെയ്യാം