നിധിന്റെ ഓർമയിൽ മഹാദാനം; രക്തവാഹിനിയായി രണ്ടു ബസുകൾ; നൻമ

ദുബായില്‍ മരിച്ച കോഴിക്കോട് പേരാമ്പ്രയിലെ നിധിന്‍ ചന്ദ്രന്റെ ഓര്‍മയ്ക്കായി രക്തദാന പ്രവര്‍ത്തനം സജീവമാക്കി കൂട്ടുകാര്‍. നിധിനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം കൊടുത്ത എമര്‍ജന്‍സി ബ്ളഡ് ഡോണേഴ്സ് ടീമിന്റെ നേതൃത്വത്തിലാണ് രക്തദാനം. പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിധിനും ഭാര്യ ആതിരയും നടത്തിയ നിയമപോരാട്ടവും ശ്രദ്ധേയമായിരുന്നു.

നിധിന്റെ പിതാവ് രാമചന്ദ്രനാണ് രക്തദാതാക്കളുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. നിധിന്റെ നാട്ടില്‍നിന്ന് രണ്ടുബസുകളിലായി 52 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. നിധിന്റെ വിയോഗദിനംമുതല്‍ ഇന്നുവരെ ഇതുപോലെ അഞ്ചുബസുകളാണ് രക്തവാഹിനിയായി ആശുപത്രികളിലെത്തിയത്. നിപ്പാ കാലത്താണ് രക്തദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് എമര്‍ജന്‍സി ബ്ളഡ് ഡോണേഴ്സ് ടീം പ്രവര്‍ത്തനം തുടങ്ങിയത്. ദുബായിലെത്തിയ നിധിന്‍ കോവിഡ് കാലത്ത് അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടിയിലാണ് അകാലത്തില്‍ പൊലിഞ്ഞത്.

നാട്ടിലെത്താന്‍ നിധിനും ടിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും ആതിരയെ മാത്രം നാട്ടിലേക്ക് അയച്ച് നിധിന്റെ ടിക്കറ്റ് മറ്റൊരാള്‍ക്ക് നല്‍കുയായിരുന്നു.