‘നിനക്ക് ഫുൾ എ പ്ലസ് ആടാ..’'; വാർപ്പ് പണിക്കിടെ റിസൾട്ട്; അറിയേണ്ട ജീവിതം

ജീവിതത്തിലെ ദുരിതങ്ങള്‍ക്കിടയിലും ഉന്നതവിജയം നേടി മാതൃകയായിരിക്കുകയാണ് കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി ജയസൂര്യ. കിടപ്പിലായ അച്ഛനും ആക്രി വിറ്റ് ജീവിക്കുന്ന അമ്മയ്ക്കും കൈത്താങ്ങാകാൻ വാർപ്പ് പണിക്കിറങ്ങിയതാണ് ജയസൂര്യ. അതിനിടയിലാണ് ഹയർ സെക്കന്ററി റിസൾട്ട് അറിയുന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചേക്കേറിയ ജയസൂര്യയും കുടുംബവും നന്ദി പറയുന്നത് ഈ നാടിന് തന്നെയാണ്. മന്ത്രിമാരടക്കം വിളിച്ച് അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് ഇപ്പോൾ ഈ മിടുക്കനെ. തന്റെ വിജയത്തിന്റെ സന്തോഷവും അനുഭവിച്ച യാതനകളും എന്തെന്ന് ജയസൂര്യ മനോരമ ന്യൂസിനോട് പങ്കുവയ്ക്കുന്നു: 

'തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയിട്ട് ഏകദേശം 20 വർഷമായി. എനിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് ഇവിടേക്കെത്തിയത്. എന്നാൽ ഇവിടെ എത്തി കഴിഞ്ഞ് അച്ഛന് കോട്ടക്കലിൽ വച്ച് ഓട്ടോറിക്ഷ അപകടത്തിയി. അച്ഛന്റെ ഒരു കൈക്ക് സ്വാധീനം നഷ്ടമായി. എഴുന്നേറ്റ് നടക്കാനും കഴിയാതെയായി. അന്ന് മുതൽ അമ്മയാണ് അച്ഛനെ നോക്കുന്നതും ജോലി ചെയ്ത് വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും. പഴയ സാധനങ്ങൾ പെറുക്കി ആക്രികടയിൽ വിറ്റാണ് ജീവിച്ചത്. വീട്ടുവാടകയ്ക്കും മറ്റ് ആവശ്യങ്ങൾക്കും പണം തികയാതെ വന്നപ്പോഴാണ് ഞാനും ജോലി ചെയ്യാൻ ഇറങ്ങിയത്. അവധി ദിവസങ്ങളിൽ ഹോട്ടലിൽ സപ്ലൈയറായിട്ടും ക്ലീനറായിട്ടും ജോലി നോക്കി. എന്നാൽ കൊറോണക്കാലമായതോടെ അതും മുടങ്ങി. 

ഇപ്പോൾ രാവിലെ ബസ്‍സ്്റ്റാന്റിൽ പോയി നിന്നാൽ അവിടെ നിന്ന് ആരെങ്കിലും ജോലിക്ക് വിളിക്കും. അങ്ങനെ വാർപ്പ്, തേപ്പ് പണികൾക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ പ്ലസ്ടു ഫലം അറിഞ്ഞത്. കൊമേഴ്സ് ആണ് പ്ലസ്ടുവിന് പഠിച്ചത്. പത്താം ക്ലാസിൽ ഒമ്പത് എ പ്ലസും ഒരു ബി ഗ്രേ‍ഡും വാങ്ങിയാണ് വിജയിച്ചത്. പ്ലസ് വണ്ണിനും നല്ല മാർ‌ക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ പ്ലസ് ടുവിന് മികച്ച് വിജയം പ്രതീക്ഷിച്ചിരുന്നു. അമ്മയും സ്കൂളിലെ അധ്യാപകരുമാണ് എല്ലാ പിന്തുണയും നൽകി കൂടെ നിന്നത്. 

ഇന്നലെ 2 മണിയോടെ റിസൾട്ട് വന്നെങ്കിലും വാർപ്പ് നടക്കുന്ന പണി സ്ഥലത്തായതിനാൽ നാല് മണിയോടെയാണ് അറിയാൻ പറ്റിയത്. കൂട്ടുകാരനാണ് ഫോണിലൂടെ അറിയിക്കുന്നത്. നിനക്ക് ഫുൾ എ പ്ലസാണെന്ന് അവൻ സന്തോഷത്തോടെ അറിയിച്ചു. ഭക്ഷണം പോലും കഴിക്കാതെ വീട്ടിലേക്ക് ഓടി. മുഴുവൻ എ പ്ലസ് എന്നൊന്നും പറഞ്ഞാൽ അച്ഛനും അമ്മയ്ക്കും അറിയില്ല. എല്ലാത്തിനും ജയിച്ചുവെന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷിച്ചു. സ്കൂളിൽ നിന്ന് അധ്യാപകരും ടീച്ചർമാരും വിളിച്ചു. അഭിനന്ദിച്ചു. മന്ത്രിമാരായ സി.രവീന്ദ്രനാഥും കെ.ടി.ജലീലും വിളിച്ചതാണ് ഏറെ ആഹ്ലാദം പകരുന്നത്'. ആ വലിയ സന്തോഷം പങ്കുവയ്ക്കുന്നത് ഇങ്ങനെ. 

തനിക്ക് കിട്ടിയ വിജയത്തിന് ജയസൂര്യ ഏറെ നന്ദി പറയുന്നത് കേരളത്തിനോടാണ്. ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും കേരളമാണ് ജയസൂര്യക്ക് സ്വന്തം നാട്. സ്‌കൂളിനടുത്തുതന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്. 'അമ്മ പറയുന്നത് കേരളം തമിഴ്നാടിനേക്കാൾ നല്ലതാണെന്നാണ്. ഇവിടെയുള്ളവര്‍ എല്ലാം നല്ലവരാണ്. കുറച്ചുകൂടി സുരക്ഷിതത്വം ഈ നാട് തരുന്നു. ഭാഷകളോടാണ് ഏറെ പ്രിയം. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുക്കണമെന്നതാണ് അടുത്ത ലക്ഷ്യം. അധ്യാപകനായി ജോലി ചെയ്യണമെന്നാണ് ആഗ്രഹം'. ജയസൂര്യ പറയുന്നു.