സീമക്കൊന്ന വേരിൽ കരവിരുത് തെളിയിച്ച് ബാങ്ക് ജീവനക്കാരൻ

പത്ത് വര്‍ഷത്തിലേറെ മണ്ണിനടിയില്‍ കിടന്ന മരത്തടിയില്‍ കൊത്തിയെടുത്തത് ഇരുപത്തിയേഴ് ചിത്രങ്ങള്‍. ബാങ്ക് ജീവനക്കാരനായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി എന്‍.വി.സതീശനാണ് ലോക്ഡൗണ്‍ കാലത്ത് ഈ കൗതുകമൊരുക്കിയത്.

വീടു പണിക്കിടെ ഉപേക്ഷിച്ച സീമക്കൊന്നയുടെ വേരിലാണ് സതീശന്‍ കൊത്തുപണിയില്‍ വിസ്മയം തീര്‍ത്തത്. പാരമ്പര്യമായി സ്വര്‍ണ പണിക്കാരനാണ്. ഇതുവരെ കൊത്തുപണി അഭ്യസിച്ചിട്ടില്ല. ബാങ്ക് ജീവനക്കാരനായ ഇദ്ദേഹം ഒഴിവുസമയങ്ങളിലാണ് ശില്‍പം നിര്‍മിച്ചത്. മാനും പെരുമ്പാമ്പും ആനയും വേഴാമ്പലും മത്സ്യവുമെല്ലാം വേരില്‍ തിളങ്ങിനില്‍കുന്നു. 

മുഖം പൊത്തി നില്‍ക്കുന്ന മനുഷ്യനും അണ്ണാനുമുള്‍പ്പെടെ ഇരുപത്തിയേഴ് രൂപങ്ങളാണ് ഒരു മരത്തിന്‍റെ വേരില്‍ പിറന്നത്. ഒരു മാസം കൊണ്ടാണ് സതീശന്‍ ശില്‍പം പൂര്‍ത്തിയാക്കിയത്.