അക്രമികൾ ‘അപഹരിച്ച’ മാല പരാതിക്കാരന്റെ സുഹൃത്തിന്റെ വീട്ടിൽ; ഒരു തട്ടിക്കൊണ്ടുപോകൽ കഥ

സിനിമയെ വെല്ലുന്ന തിരക്കഥ തയാറാക്കി ‘തട്ടിക്കൊണ്ടുപോകൽ’ ആസൂത്രണം ചെയ്തെങ്കിലും പണി പാളി. ബൈപാസിൽ വച്ച് യുവാവിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയാണ് പൊലീസിന്റെ അന്വേഷണത്തിൽ പൊളിഞ്ഞത്.

കിളികൊല്ലൂർ സ്വദേശിയായ യുവാവും സുഹൃത്തും കാറിൽ വരുന്നതിനിടെ, ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി ഇവരെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും സ്വർണമാല അപഹരിക്കുകയും ചെയ്തെന്നാണ് ഇവർ നൽകിയിരുന്ന പരാതി.

മുൻവൈരാഗ്യത്തിന്റെ പേരിൽ അഞ്ചുകല്ലുംമൂടിൽ വാടകയ്ക്കു താമസിക്കുന്ന യുവാവും ഇയാളുടെ സുഹൃത്തുമാണ് ആക്രമണത്തിനു പിന്നിലെന്നും ഇവർ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെന്നു സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും സംഭവം നടക്കുമ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് തെളിഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണു യഥാർഥകഥ പുറത്തുവന്നത്.

പരാതിക്കാരന്റെ ഫോൺ വിളികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ പരാതി വ്യാജമാണെന്നു മനസ്സിലായി. തുടർന്നു പരാതിക്കാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. അക്രമികൾ അപഹരിച്ചതായി പറഞ്ഞിരുന്ന മാല പരാതിക്കാരന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതികളെന്നു സംശയിക്കുന്നവരെ കേസിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും കിളികൊല്ലൂർ പൊലീസ് പറഞ്ഞു.