ഒട്ടകം പിടിച്ച പൊല്ലാപ്പ്; സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധം; കേസെടുത്തു

പെട്രോൾ-ഡീസൽ വിലവർധനയ്ക്കെതിരെ കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) ഒട്ടകവുമായി തിരുവനന്തപുരം ഏജീസ് ഓഫിസിലേക്കു നടത്തിയ മാർച്ച്. ഉദ്ഘാടകൻ ജില്ലാ പ്രസിഡന്റ് ആർ.സതീഷ്‌ കുമാർ, എ.എച്ച്. ഹാഫിസ്, കവടിയാർ ധർമൻ തുടങ്ങിയവർ സമീപം. മൃഗങ്ങൾക്കെതിരായ ക്രൂരത ചുമത്തി ഒട്ടക ഉടമയ്ക്കും സമരത്തിൽ പങ്കെടുത്ത പത്തോളം പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ

തിരുവനന്തപുരം ∙ പെട്രോൾ – ഡീസൽ വില വർധനക്കെതിരെ ഒട്ടകവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം നടത്തിയവർക്കെതിരെ മൃഗസംരക്ഷണ നിയമപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഒട്ടക ഉടമയ്ക്കും സമരത്തിൽ പങ്കെടുത്ത പത്തോളം പേർക്കുമെതിരെയാണ് കേസ്. കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) ജില്ലാ കമ്മിറ്റിയാണ് പൊല്ലാപ്പിലായത്. പൊലീസിന് പിന്നാലെ വനം വകുപ്പും കേസെടുത്താൽ പ്രതിഷേധക്കാർ കോടതി കയറിയിറങ്ങേണ്ടി വരും.  മൃഗത്തിന് എതിരെയുള്ള ക്രൂരത വകുപ്പ് ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്.

എന്നാൽ പൂവാർ സ്വദേശിയുടെ ലൈസൻസ് ഉള്ള ഒട്ടകത്തെയാണ് കൊണ്ടു വന്നതെന്നു  സമരക്കാർ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ആർ.സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.  എ.എച്ച്. ഹാഫിസ് , കവടിയാർ ധർമൻ , തമ്പാനൂർ രാജീവ്  എന്നിവർ പ്രസംഗിച്ചു. വട്ടിയൂർക്കാവ് വിനോദ് , കോരാണി സനൽ , സിസിലിപുരം ചന്ദ്രൻ , ബീമാപള്ളി ഇക്ബാൽ, വിപിൻകുമാർ എന്നിവർ നേതൃത്വം നൽകി. മൃഗസംരക്ഷണ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനും സാമൂഹിക അകലം ലംഘിച്ചതിനും പൊലീസ് മറ്റൊരു കേസും എടുത്തു.