ഇഗ്ഗുവിന് ഇനി ഭക്ഷണം കഴിക്കാം; ഇഗ്വാനക്ക് കൊല്ലത്ത് ശസ്ത്രക്രിയ

ഇഗ്ഗുവിന് ഇനി ഭക്ഷണം പാഴാക്കാതെ കഴിക്കാനാകും. കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിൽ ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് പല്ലിവർഗത്തിൽപ്പെട്ട ഇഗ്വാനയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് മാറിയത്. മേൽത്താടിയിൽ ദശ വളർന്നതാണ് ഇഗ്ഗു എന്ന് പേരിട്ടിരിക്കുന്ന ഇഗ്വാനയ്ക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയത്. ഓച്ചിറ സ്വദേശിയായ ജിതിന്റെ ഉടമസ്ഥതയിലുള്ള ഇഗ്വാനയ്ക്ക് 5 വയസ് പ്രായമുണ്ട്.

അനസ്ത്രേഷ്യ നൽകി മയക്കിയശേഷമായിരുന്നു മേൽത്താടിയിലുണ്ടായിരുന്ന വളർച്ച നീക്കം ചെയ്തത്. ഡോ. അജിത് പിള്ളയുടെ നേതൃത്വത്തിൽ ഡോ. അജിത് ബാബു, ഡോ. എസ്. രാജു എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മാസം പ്രായമുള്ളപ്പോഴാണ് ജിതിൻ ഈ ഇഗ്വാനയെ സ്വന്തമാക്കിയത്. 

സസ്യാഹാരങ്ങളാണ് ഇഗ്ഗുവിന് പ്രിയം. ശാന്ത സ്വഭാവക്കാരനുമാണ്. കാരറ്റ്, ചമ്പരത്തിപ്പൂവ്, പാലക്ക് ചീര, മറ്റ് ഇലവർഗങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം. ഒന്നര മീറ്റർ നീളമുള്ള ഈ ഉരഗത്തിന് ലക്ഷങ്ങൾ വില വരുമെന്ന് ഡോ. അജിത് പറഞ്ഞു.