ഭീമൻ ചക്ക മുറിച്ച് മന്ത്രിക്കൊപ്പം പിറന്നാൾ ആഘോഷം; മധുരംപങ്കിട്ട് മടക്കം

ആയൂർ ∙ ഭീമൻ തേൻവരിക്ക ചക്ക നേരിൽ കാണുന്നതിനും മധുരം പങ്കിടുന്നതിനുമായി മന്ത്രി കെ. രാജു കുഞ്ഞുമ്മന്റെ വീട്ടിലെത്തി. ഇന്നലെ രാവിലെ ഒൻപതു മണിയോടെ എത്തിയ മന്ത്രി പഴുത്ത ചക്ക വീട്ടുകാരുടെ സാന്നിധ്യത്തിൽ മുറിച്ചു. ബന്ധുക്കൾക്കും കൂടി നിന്നവർക്കും ചക്ക പങ്കിട്ടു നൽകി. ഫോണിലൂടെ ആവശ്യപ്പെട്ട സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി കുറച്ചു ചക്ക മാറ്റിവച്ചു. 

ഇടമുളയ്ക്കൽ നെടുവിളയിൽ കുഞ്ഞുമ്മന്റെ (കുട്ടിയച്ചായൻ) വീട്ടിലെ പ്ലാവിൽ നിന്നും ലഭിച്ച 50 കിലോ തൂക്കമുള്ള തേൻവരിക്ക ചക്കയാണ് ഭാരം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടാൻ പോകുന്നത്. ഇതിനു 109 സെന്റീമീറ്റർ ചുറ്റളവും 85 സെന്റീമീറ്റർ നീളവുമുണ്ട്. വീടിനോടു ചേർന്നുള്ള പുരയിടത്തിൽ നിന്ന അൻപതു വർഷത്തോളം പഴക്കമുള്ള പ്ലാവിലാണ് ചക്ക പിടിച്ചത്. ഈ പ്ലാവ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷിക്കും.

ഏകദേശം 25, 15 കിലോ തൂക്കമുള്ള രണ്ടു ചക്ക കൂടി പ്ലാവിൽ ഇനി നിൽപുണ്ട്. ‌സ്നേഹത്തോടെ പരിപാലിച്ച പ്ലാവ് തന്ന ഭീമൻ ചക്ക മുറിച്ചു പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടിയച്ചായന്റെ മകൻ ജോൺകുട്ടി. ഇന്നലെ ജോൺകുട്ടിയുടെ 40–ാം പിറന്നാളായിരുന്നു. കേക്കിന് പകരം മന്ത്രിക്കൊപ്പം ജോൺകുട്ടിയും ചക്ക മുറിച്ചു. സന്തോഷ സൂചകമായി ഇതിലെ ചുള മന്ത്രി കെ,രാജു, ജോൺകുട്ടിക്കു നൽകി. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ടെക്നിക്കൽ ജീവനക്കാരനായ ജോൺകുട്ടി ഇവിടുത്തെ ഐഎൻടിയുസി ഓർഗനൈസിങ് സെക്രട്ടറി കൂടിയാണ്.