കല്യാണം മാറ്റുന്നില്ല; ആ പണം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്; മാതൃകയായി യുവ വ്യവസായി

വിവാഹത്തിനായി ചെലവഴിക്കേണ്ട പണം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയാവുകയാണ് യുവ വ്യവസായിയും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ കൂടിയായ ബോണി. മമ്മൂട്ടിയുടെ ആഹ്വാനം കൂടി കണക്കിലെടുത്താണ് ഇൗ തീരുമാനം. തുക കോട്ടയം കലക്ടർക്ക് കൈമാറി. ഇതേ കുറിച്ച് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവച്ചു.

കുറിപ്പ് വായിക്കാം:

ബോണിക്കും ചൈതന്യക്കും വിവാഹ ആശംസകൾ.. പേരുപോലെ തന്നെ ചൈതന്യമുണ്ടാവട്ടെ ജീവിതത്തിലും. ബോണിയെ മുട്ടിൽ ഇഴയുന്ന പ്രായം തുടങ്ങിയെ അറിയാം. മിടുക്കനാണ്. കട്ട മമ്മൂക്ക ഫാൻ. മമ്മൂട്ടി ഫാൻസിന്റെ പള്ളിക്കത്തോട് ഘടകത്തിലെ സജീവ പ്രവർത്തകൻ. ചൈതന്യയുമായുള്ള വിവാഹം മുൻപേ നിശ്ചയിച്ചതാണെകിലും കോവിഡ് കാലം കഴിയും വരെ മാറ്റി വക്കും എന്നാണ് ഞാൻ കരുതിയത്. പള്ളിക്കത്തോട്ടിലെ അറിയപ്പെടുന്ന ഒരു യുവ വ്യാപാരി കൂടി ആയ ബോണിക്ക് അങ്ങനെ ചെറിയ തോതിൽ ഒന്നും കല്യാണം നടത്താൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം അൽപ്പം കഴിഞ്ഞേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൻ ഞെട്ടിച്ചു. 

നിശ്ചയിച്ച ഡേറ്റിൽ തന്നെ വിവാഹം എന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു, "കുറെ പൈസ ലഭിക്കുമല്ലോ? " "ഇല്ല ഇച്ചായോ, ആ കാശ് ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാണ്. ഇതല്ലേ നമുക്ക് ചെയ്യാൻ പറ്റൂ.. ഇത്രയും കാലം നമ്മുടെ ഫാൻസ്‌ കാരോട് ഇങ്ങനെ ചെയ്യാൻ അല്ലേ നമ്മുടെ ഇക്കയും പറഞ്ഞു കൊണ്ടിരുന്നത്? "

ബോണിയുടെ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു.. ഇന്നലെ കോട്ടയം ജില്ലാ കളക്ടർക്ക് തുക കൈമാറി.. രണ്ടു പേർക്കും ആശംസകൾ. ഇക്കാര്യം ഞാൻ മമ്മുക്കയെയും അറിയിച്ചു.. കയ്യടികളോടെയാണ് അദ്ദേഹം ഈ വാർത്തയെ വരവേറ്റത്.