സര്‍വാഭരണ വിഭൂഷിത; കൗതുകമായി ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ മമ്മി

3500 വര്‍ഷം മുൻപ് ജീവിച്ചിരുന്ന ആ ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ മമ്മി കണ്ടെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സര്‍വ്വാഭരണ വിഭൂഷിതയായാണ്ആ കൗമാരക്കാരിയുടെ മമ്മി കാണപ്പെട്ടത്. മമ്മിയില്‍ നിന്നു ധരിച്ചിരുന്ന ആഭരണങ്ങള്‍ അവളുടെ വിവാഹ ആഭരണങ്ങളായിരുന്നുവെന്നാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയ സ്പാനിഷ് പുരാവസ്തുഗവേഷകരുടെ നിഗമനം. മരിക്കുമ്പോള്‍ 15-16 വയസ് മാത്രമായിരുന്നു ആ പെണ്‍കുട്ടിയുടെ പ്രായം. 

ഈജിപ്ഷ്യന്‍ നഗരമായ ലുക്‌സറില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ മമ്മിയുടെ ചെമ്പുകൊണ്ട് പൊതിഞ്ഞ രണ്ട് കമ്മലുകളും രണ്ട് മോതിരങ്ങളും നാല് നെക്ലസുകളുമാണ് കണ്ടെത്തിയിരുന്നത്. ബിസി 1580നും 1550നും ഇടക്കാണ് പെണ്‍കുട്ടി ജീവിച്ചിരുന്നതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

മമ്മിക്കകത്തെ പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പൂര്‍ണമായും ദഹിച്ച നിലയിലായിരുന്നുവെങ്കിലും അഞ്ച് അടി ഏഴ് ഇഞ്ച് വലുപ്പമുള്ള മരംകൊണ്ടുള്ള ശവപ്പെട്ടിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ആദ്യം വെള്ളയടിച്ച ശേഷം ചുവന്ന നിറമാണ് ശവപ്പെട്ടിക്ക് അടിച്ചിരുന്നത്. ഏതാണ്ട് അഞ്ചടി ഒരിഞ്ചാണ് പെണ്‍കുട്ടിയുടെ ഉയരം കണക്കാക്കപ്പെടുന്നത്. 

ഒരുഡസനോളം മമ്മികള്‍ പ്രദേശത്തു നിന്നും പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരേ സ്ഥലത്തു നിന്നും ഇത്രയേറെ മമ്മികള്‍ ലഭിച്ചത് അസ്വാഭാവികമാണെന്നാണ് സ്പാനിഷ് പുരാവസ്തു ഗവേഷക സംഘത്തിന്റെ ഡയറക്ടറായ യോസെ ഗാലന്റെ നിഗമനം. മുമ്പെപ്പോഴോ വിലപിടിപ്പുള്ള വസ്തുക്കള്‍ ലക്ഷ്യംവെച്ചെത്തിയ മോഷ്ടാക്കളായിരിക്കാം മമ്മികളെ ഒന്നിച്ചു വച്ചതെന്നും. അരണ്ട വെളിച്ചത്തില്‍ നടത്തിയ പരിശോധനകളില്‍ മമ്മികളിലെ ആഭരണങ്ങള്‍ കണ്ണില്‍ പെടാതെ പോയതാകാമെന്നും ഗവേഷകര്‍ കരുതുന്നു.