കോവിഡിനോട് പൊലീസ് പറഞ്ഞു: ‘വാടാ..’; ആ വിഡിയോ പിറന്നത് 2 മണിക്കൂറില്‍

കോവിഡിനെ നേരിടാൻ ലൂസിഫറിനെ കൂട്ടുപിടിച്ച കേരള പൊലീസിന്റെ വിഡിയോ മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന് പേരാണ് കണ്ടത്. കൊറോണ വൈറസ് ഒരു സാധാരണക്കാരനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ  വരുന്നതാണ് വിഡിയോയുടെ പ്രമേയം. ആദ്യം ഇയാൾ വൈറസിനെ ഭയക്കുകയും എന്നാൽ പിന്നീട് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ വൈറസിനെ തുരത്തുന്നതുമാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ജിബിൻ ജി നായരാണ് ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കാക്കിക്കുള്ളിലെ കലയെക്കുറിച്ചും കോവിഡ് കാലത്തെ വിഡിയോയെക്കുറിച്ചും ജിബിൻ മനോരമന്യൂസിനോട് സംസാരിക്കുന്നു. ഏതാനും സിനിമകളിലും ജിബിൻ അഭിനയിച്ചിട്ടുണ്ട്.

പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലാണ് ഈ വിഡിയോയുടെ പിന്നിൽ. ഇതിന്റെ മുന്നണിയിലും പിന്നണിയിലുമെല്ലാം പ്രവർത്തിച്ചിരിക്കുന്നത് പൊലീസുകാർ തന്നെയാണ്. പൊലീസുകാരല്ലാതെ മറ്റാരും ഈ വിഡിയോയിൽ കൈവെച്ചിട്ടില്ല. മനോജ് എബ്രഹാം സാറിന്റേതാണ് ആശയം. ഞങ്ങളുടെ ക്രിയേറ്റീവ് ഐഡിയകൾക്കെല്ലാം സർ പൂർണ്ണപിന്തുണയാണ് തരുന്നത്. 

ജനങ്ങൾക്ക് ബോറഡിക്കാതെ രസകരമായ രീതിയിൽ ബോധവത്കരണം നടത്തണമെന്ന ചിന്തയിൽ നിന്നാണ് വിഡിയോയുടെ ആശയം രൂപപ്പെടുന്നത്. രണ്ടുമണിക്കൂർ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എഡിറ്റിങ്ങും വിഎഫ്എക്സും എല്ലാം നിർവഹിച്ചിരിക്കുന്നത് പൊലീസുകാരാണ്. 

പൊലീസുകാരൻ ആകുന്നതിന് മുൻപ് തന്നെ ഞാൻ അഭിനേതാവായിരുന്നു. അതുകാരണം മടികൂടാതെ അഭിനയിക്കാൻ സാധിച്ചു. ഇപ്പോൾ കൺട്രോൾ റൂമിലാണ് ജോലി. അഭിനയവുമായി നടക്കുമ്പോഴാണ് പി.എസ്.സി എഴുതി പൊലീസുകാരനാകുന്നത്. കാക്കിയിൽ കയറിയെങ്കിലും കല ഇപ്പോഴും കൈവിട്ടിട്ടില്ല. ഒഴിവുകിട്ടുന്ന സമയത്ത് സിനിമയിലും അഭിനയിക്കാറുണ്ട്. ജനങ്ങൾ പൊലീസിന്റെ വിഡിയോ ഏറ്റെടുത്തുവെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.- ജിബിൻ പറഞ്ഞു.