നിപ്പ, പ്രളയം, കോവിഡ്: പ്രണയസാഫല്യത്തിന് മൂന്നാം വട്ടവും വിലങ്ങായി വില്ലന്‍മാർ

ഒരു പ്രണയം സഫലമാവാനുള്ള രണ്ട് പേരുടെ കാത്തിരിപ്പ് മൂന്ന് ഋതുക്കൾ പിന്നിടുകയാണ്. ആദ്യം നിപ്പ, പിന്നെ പ്രളയം, ഇപ്പോളിതാം കോവിഡും. എരഞ്ഞിപ്പാലം അരിയിൽ പ്രേം ചന്ദ്രന്റയും എ.വി.സാന്ദ്ര സന്തോഷിന്റെയും വിവാഹമാണ് മൂന്നാംതവണയും മാറ്റിവച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. അയൽവാസികളായ പ്രേമും സാന്ദ്രയും കുട്ടിക്കാലംതൊട്ട് പരസ്പരം അറിയുന്നവരാണ്. ഏറെക്കാലമായി പ്രണയത്തിലാണ്. 

2018 മേയ് 20ന് വിവാഹം നടത്താനാണ് ഇരുവീട്ടുകാരും ആദ്യം തീരുമാനിച്ചത്. എന്നാൽ മേയ് 2ന് കോഴിക്കോട്ട് നിപ്പ പൊട്ടിപുറപ്പെട്ടു. മേയ് 16 എത്തിതോടെ ഭയം മൂലം ജില്ലയിൽ ആരും പുറത്തിറങ്ങാതായി. ഇതോടെ കല്യാണം മാറ്റിവയ്ക്കേണ്ട അവസ്ഥയായി. തുടർ‍ന്നു പ്രേമിന്റെ ബന്ധു മരിച്ചതോടെ ഒരു വർഷം കല്യാണം നടത്താൻ കഴിയാത്ത സ്ഥിതിയായി.

പിന്നീട് 2019–ൽ ഓണക്കാലത്ത് കല്യാണം നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചത്. പക്ഷേ പക്ഷേ ആ സമയത്ത് പ്രളയമെത്തി. ഒക്ടോബർ വരെ പ്രളയദുരിതം നീണ്ടപ്പോൾ കല്യാണവും വീണ്ടും നീണ്ടു. തുടർന്നാണ്  2020 മാർച്ച് 20, 21 തീയതിക‌ളിലായി കല്യാണ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്.അപ്പോഴേക്കും കോവിഡ് 19 വില്ലനായെത്തി. വീണ്ടും വിവാഹത്തീയതി നീട്ടി. 

ഞായറാഴ്ച കല്യാണത്തിനായി ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. വിവാഹത്തിനും റിസപ്ഷനുമായി രണ്ടായിരം പേരെ ക്ഷണിക്കുകയും ചെയ്തു. പക്ഷേ കോവിഡിന്റെ പശ്ചാത്തലത്തിൽ കല്യാണം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

സാന്ദ്രയുടെ കുടുംബത്തിൽ വർഷങ്ങൾക്കുശേഷം നടക്കുന്ന ആദ്യവിവാഹമാണിത്. അതുകൊണ്ടുതന്നെ പങ്കെടുക്കണമെന്ന് എല്ലാ കുടുംബക്കാർക്കും ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കല്യാണം ഇത്തവണയും നീട്ടിയതെന്ന് പ്രേമും സാന്ദ്രയും പറയുന്നു.