കുളിപ്പിച്ചു, മുടിയും താടിയും വെട്ടി; പേരെന്താ..?: ‘ആനന്ദ്’; ആ പൊലീസുകാരന്‍ പറയുന്നു

‘ഹലോ, കോന്നി പൊലീസ് സ്റ്റേഷനല്ല, സാറെ ചാങ്കൂർമുക്കിൽ...’ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച അയാൾ പറഞ്ഞ വാക്കുകൾക്ക് പിന്നീട് സമൂഹമാധ്യമങ്ങളിൽ ലൈക്കും കമന്റും നിറഞ്ഞു. സുബീക്ക് റഹീം എന്ന പൊലീസുകാരൻ പൊലീസ് സേനക്ക് തന്നെ അഭിമാനമായി മാറുകയാണ്. ജനമൈത്രി പൊലീസിന്റെ മുഖത്തിന്റെ പുതിയ പര്യായമായ ആ പൊലീസുകാരൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

‘കുറച്ച് ദിവസമായി സാറെ, ഒരാൾ ചാങ്കൂർമുക്കിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു. നിങ്ങൾ ഒന്നുവരണം. ഇതായിരുന്നു ആ ഫോൺകോൾ. പ്രശ്നക്കാരനായിരിക്കും എന്നാണ് ആദ്യം പോയ ചിന്ത. എന്നാൽ സ്ഥലത്തെത്തിയപ്പോൾ അതല്ല കണ്ടത്. മാനസികവിഭ്രാന്തിയുണ്ടെന്ന് തോന്നിക്കുന്ന ഒരാൾ, മുടിയൊക്കെ വളർന്ന്, മുഷിഞ്ഞ വസ്ത്രം ധരിച്ച് അയാൾ കവലയിലൂടെ നടക്കുകയാണ്. ഏകദേശം  55 വയസ് പ്രായം തോന്നിക്കും. അയാളെ അടുത്തുവിളിച്ച് കാര്യങ്ങൾ ചോദിച്ചു. 

അയാൾക്ക് ഒന്നും അറിയില്ല. നാടോ പേരോ എങ്ങനെ ഇവിടെ വന്നെന്നോ അറിയില്ല. ഇൗ പൊരിവെയിലത്ത് റോഡിലൂടെ നടക്കും. ചിലപ്പോൾ ഓടും. പൊതുജനത്തിനൊന്നും ഉപദ്രവമുണ്ടാക്കിയിട്ടില്ല. എങ്കിലും അയാളെ അവിടെ ഉപേക്ഷിച്ച് തിരികെ പോകാൻ മനസ് വന്നില്ല.

അയാളെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണമെന്ന് തോന്നി. അങ്ങനെയാണ് ആനകുത്തിയിലെ ലൂർദ് മാതാ അഭയകേന്ദ്രത്തിലേക്ക് വിളിക്കുന്നത്. അവിടെ എത്തിക്കാമെന്ന് ഉറപ്പുനൽകി. അയാളെ അങ്ങോട്ട് കൊണ്ടുപോയി. ഭക്ഷണം വാങ്ങി കൊടുത്തപ്പോൾ നന്ദിയോടെ അയാൾ കഴിച്ചു. മലയാളം ഒട്ടും അറിയില്ല. എങ്ങനെ ഇവിടെ എത്തിയെന്നും അറിയില്ല. എന്തെല്ലാമോ പറയുന്നുണ്ട്. ഹിന്ദിയാണ് സംസാരിക്കുന്നതെന്ന് പിന്നീട് മനസിലായി.

ഭക്ഷണം കഴിച്ചശേഷം പേരെന്താണെന്ന് ചോദിച്ചപ്പോൾ, ‘ആനന്ദ്’ എന്നാണ് മറുപടി പറഞ്ഞത്. മുഷിഞ്ഞ വേഷത്തിൽ അയാളെ അവിടെയാക്കി പോകുന്നത് ശരിയല്ലെന്ന് തോന്നി. അയാളെ ഞാൻ തന്നെ കുളിപ്പിച്ചു. താടിയും  മുടിയും വെട്ടി വൃത്തിയാക്കി. അയാളെ പുതിയ വസ്ത്രങ്ങളും ധരിപ്പിച്ച ശേഷമാണ് ഞാൻ മടങ്ങിയത്. അവിടെയുണ്ടായിരുന്ന യുവാക്കളിൽ ആരോ എടുത്ത വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഞാൻ ചെയ്തത് എന്റെ കടമയാണെന്ന് മാത്രമേ വിചാരിക്കുന്നുള്ളൂ..’ സുബീക്ക് പറയുന്നു.

പത്തുവർഷമായി സുബീക്ക് പൊലീസ് സേനയുടെ ഭാഗമായിട്ട്. മൂന്നുവർഷമായി കോന്നിയിലാണ് ജോലി ചെയ്യുന്നത്. മുൻപ് ഒരു വീട്ടിൽ പാമ്പ് കയറിയപ്പോൾ അവിടെയെത്തി പാമ്പിനെ കയ്യോടെ പിടികൂടിയും സുബീക്ക് കയ്യടി നേടിയിരുന്നു. ഇപ്പോൾ കാക്കിയുടെ നൻമമുഖമായും അദ്ദേഹം മാറുന്നു.