വീല്‍ചെയറിലിരുന്ന് അതിജീവനം; ടിക്ടോക്കിലും താരം; വിധി വില്ലനാകുമ്പോള്‍

ജന്മനാ കാലിന് താഴേക്ക് തളര്‍ന്ന അവസ്ഥ. കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന ‍ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. പക്ഷേ ഗൗരി എന്ന പെണ്‍കുട്ടി തോറ്റു കൊടുക്കാനില്ല. സന്തോഷം കണ്ടെത്തി ജീവിതം അതിമധുരമാക്കി ഈ കൊച്ചു മിടുക്കി. അതിജീവനത്തിന്റെ ആ കഥ ഗൗരിയുടെ താങ്ങും തണലുമായ അമ്മ ആശ മനോരമ ന്യൂസ് ഡോട്കോമിനോട് പങ്കുവയ്ക്കുകയാണ്.

കോട്ടയം ഏറ്റുമാനൂര്‍ തവളക്കുഴിയിലെ പ്രഗതി എന്ന വീടാണ് ഇവരുടെ സ്വര്‍ഗം. 'ജനിച്ചപ്പോള്‍ തന്നെ മകള്‍ക്ക് സ്പൈനാ ബിഫിഡ എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. നട്ടെല്ല് കൂടിച്ചേര്‍ന്നുള്ള അവസ്ഥയാണിത്. കൂടുതല്‍ ഒന്നും അപ്പോള്‍ ചെയ്യാനില്ലെന്നും 6 വയസ്സ് കഴിയുമ്പോള്‍ എന്തെങ്കിലും ശ്രമിക്കാമെന്നും അന്ന് അവര്‍ പറഞ്ഞു. അതു പ്രകാരം 6 വയസ്സ് കഴിഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. വേറെ ട്രീറ്റ്മെന്റ് ഇല്ല എന്നായിരുന്നു അന്ന് ലഭിച്ച മറുപടി. പിന്നീട് 6 വര്‍ഷം ആയുര്‍വേദ ചികില്‍സ നല്‍കി. വലിയ മാറ്റമില്ലായിരുന്നു. മകളെ സ്കൂളില്‍ അയച്ചു. വിദ്യാഭ്യാസം നല്‍കുന്നതില്‍ മുടക്കം വരുത്തിയില്ല. പക്ഷേ ഒമ്പതാം ക്ലാസ് ആയപ്പോഴേക്കും വേദന അധികമായി. മോള്‍ക്ക് താങ്ങാന്‍ പറ്റാതെയായി. അങ്ങനെ ന്യൂറോ സര്‍ജനെ കണ്ടു. വേദന സംഹാരികള്‍ ആണ് തന്നത്. തല്‍ക്കാല ആശ്വാസം മാത്രമായിരുന്നു അത്. 

ഒമ്പതാം ക്ലാസ് പകുതി ആയതോടെ പൂര്‍ണമായും കിടപ്പിലായി. പക്ഷേ മാനസികമായി അവള്‍ വളരെ ശക്തയായിരുന്നു. അവസാന പരീക്ഷ എഴുതി. സിബിഎസ്ഇ സിലബസായിരുന്നു. മികച്ച മാര്‍ക്കോടെ പരീക്ഷ ജയിച്ചു. കിടപ്പില്‍ നിന്ന് എഴുന്നേറ്റു. പിന്നീട് ഗൗരിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ കാണിച്ചു. 12 ദിവസത്തെ പരിശോധനകള്‍ക്ക് ശേഷം സര്‍ജറി നടത്താന്‍ തീരുമാനിച്ചു. 2 ദിവസമാണ് ശസ്ത്രക്രിയ നീണ്ടു നിന്നത്. ഇത് ചെയ്താലും അരയ്ക്ക് താഴെ ശക്തി കാണില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ വേദന മാറ്റിത്തരാം എന്ന ഉറപ്പ് നല്‍കി. അതു തന്നെയായിരുന്നു ഞങ്ങളുടയെും പ്രാര്‍ഥന. 

3 മാസത്തോളം ആശുപത്രിയിലായിരുന്നു. വീണ്ടും 7 സര്‍ജറികള്‍ നടത്തി. 10–ഓളം സര്‍ജറികള്‍ മോളെ ഡിപ്രഷനിലാക്കി. പിന്നീട് ഞങ്ങളുടെ പിന്തുണയും മെഡിറ്റേഷനുമൊക്കെയാണ് അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. പഠനം വീണ്ടും തുടങ്ങി. 10–ാം ക്ലാസില്‍ 87 ശതമാനം മാര്‍ക്കോടെ വിജയിച്ചു. റിസല്‍ട്ട് അറിയുമ്പോഴും അവള്‍ ഓപ്പറേഷന്‍ ടേബിളിലായിരുന്നു. ഇപ്പോള്‍ ഏറ്റുമാനൂര്‍ കനക്കരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണിന് പഠിക്കുന്നു. ഇന്ന് അവള്‍ സ്കൂള്‍ ജീവിതം ഏറെ ആസ്വദിക്കുന്നു. സിവില്‍ സര്‍വീസാണ് ലക്ഷ്യം'. അമ്മയുടെ വാക്കുകള്‍.

ഗൗരി വരച്ച ചിത്രം

ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്താണ് പഠനം. പഠനത്തില്‍ മാത്രമല്ല ഗൗരി മിടുക്കി. ഓടക്കുഴല്‍ വാദനം, ശാസ്ത്രീയ സംഗീതം, കവിത രചന, ചിത്രരചന, ക്ലാഫ്റ്റ് വര്‍ക്കുകള്‍ എന്നിങ്ങനെ എല്ലാത്തിലും മികവ് കൈവരിച്ചിട്ടുണ്ട്. ടിക്ടോക്കില്‍ സജീവമായ ഗൗരിക്ക് 7 ലക്ഷം ലൈക്കുകള്‍ വരെ കിട്ടാറുണ്ട്. ഗൗരിയുടെ ജീവിത വിജയത്തിന് പിന്നില്‍ താന്‍ തന്നെയാണെന്ന് ആമ്മ ആശ പറയുന്നു. പഠനത്തിന് ശേഷമുള്ള സമയത്താണ് ടിക്ടോക് വിഡിയോകള്‍ എടുക്കുന്നത്. ഒരു ആശ്വാസമാണ് മകള്‍ക്ക് ഇത്. വിഡിയോകള്‍ വൈറലാകുമ്പോള്‍ സന്തോഷം. ഇനിയും വിഡിയോകള്‍ ‍ഇടണമെന്നാണ് എല്ലാവരും കമന്റ് ചെയ്യാറ്. 

പക്ഷേ വിധി അവിടെയും വില്ലനാകുന്നു. ആശയ്ക്ക് ഹൃദയ സംബന്ധമായ അസുഖമാണ്. യഥാര്‍ഥ രോഗമെന്തെന്ന് ഡയഗ്ണോസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സര്‍ജറി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നു. ഭര്‍ത്താവ് പ്രദീപ് എറണാകുളത്ത് സ്വകാര്യ കമ്പനിയുടെ ബാങ്കിങ് സപ്പോര്‍ട്ടിങ് സര്‍വീസില്‍ ജോലി ചെയ്യുന്നു. മകളുടെയും തന്റെയും ചികില്‍സാ ചിലവുകള്‍ക്കായി കനത്ത തുകയാണ് വേണ്ടത്. ഏകദേശം 15,000 രൂപയോളം മാസം ചികില്‍സയ്ക്കായി ചിലവാകും. ഇതുവരെ 45–50 ലക്ഷം രൂപ മകള്‍ക്ക് ചിലവായി. ഇനിയും സര്‍ജറികള്‍ നടത്തണം. മൂത്ത മകള്‍ അമ്മു വിവാഹം ചെയ്ത് ഭര്‍ത്താവിനൊപ്പമാണ്. ആശ പറയുന്നു.

അക്കൗണ്ട് വിവരങ്ങള്‍

ASHA PRADEEP

A/c Num- 67231711800

IFS CODE- SBTR0000114

SBT ETTUMANOOR