പള്ളിയില്‍ നേര്‍ച്ചയായി കുതിര; 'ആൽഫൈൻ ലിദ'യെ 3.05 ലക്ഷത്തിന് സ്വന്തമാക്കി

പള്ളികളിൽ നേർച്ചയായി പലവിധ വസ്തുക്കളും ഭക്ഷണ സാധനങ്ങളും ലഭിക്കുക പതിവ്. കോഴി, ആട് തുടങ്ങിയ വളർത്തു ജീവികളെയും നേർചയായി നൽകും.  എന്നാൽ, ഒരു കുതിരയെ നേർച്ചയായി നട ഇരുത്തിയാലോ! അപൂർവമെന്നു വിശേഷിപ്പിക്കാം, നട ഇരുത്തിയ കുതിരയെ വിൽക്കാനായി ലേലം കൂടി നടത്തിയാൽ ! ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിലാണു കുതിരയെ നടയിരുത്തിയതും പിന്നീടു ലേലം ചെയ്തതും. ലഭിച്ച വില 3.05 ലക്ഷം രൂപ. പാലാരിവട്ടം ആലിൻ‌ചുവട് പറമ്പത്തുശേരി പി.ജെ. ജോർജാണു കുതിരയെ ലേലത്തിൽ വാങ്ങിയത്.

ഗീവർഗീസ് പുണ്യാളന്റെ ഭക്തനായ ചാലക്കുടി ഊക്കൻ ദേവസിയുടെ കുടുംബമാണു കുതിരയെ നടയ്ക്കിരുത്തിയത്. ഊട്ടിയിൽ നിന്നു വാങ്ങിയ വെള്ളക്കുതിരയ്ക്കു രണ്ടര വയസ് പ്രായം. ഗീവർഗീസ് പുണ്യാളൻ ജനിച്ച ഗ്രാമത്തിന്റെ പേരാണു കുതിരയ്ക്കു നൽകിയത്; ആൽഫൈൻ ലിദ . ഈ സ്ഥലം ഇപ്പോൾ തുർക്കിയിലാണ്. ഗീവർഗീസ് പുണ്യാളൻ യോദ്ധാവിന്റെ വേഷത്തിൽ കുതിരപ്പുറത്തിരുന്നു കുന്തം കൊണ്ടു വ്യാളിയെ കൊല്ലുന്ന ചിത്രം ക്രിസ്തീയ വിശ്വാസികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. കഴിഞ്ഞ ദിവസം പള്ളി ട്രസ്റ്റി ജോയ് പള്ളിപ്പാടന്റെ നേതൃത്വത്തിലാണു ലേലം നടത്തിയത്. കമ്പം മൂലമാണു കുതിരയെ വാങ്ങിയതെന്നു ജോർജ് മനോരമയോടു പറഞ്ഞു.

പുണ്യാളന്റെ നടയിൽ നിന്നു കുതിരയെ വാങ്ങാനായതു വലിയ സന്തോഷം. എനിക്ക് ആടും പശുവും പോത്തുമെല്ലാം ഉണ്ട്. ഉടുമ്പഞ്ചോലയിലെ തോട്ടത്തിലാണ് അവയെല്ലാം. കുതിരയെ വാങ്ങണമെന്നു കരുതിയിരുന്നപ്പോഴാണു പള്ളിയിൽ കുതിരയെ നടയിരുത്തിയ വിവരം അറിഞ്ഞത്. എന്നാൽ, ലേലവിവരം അറിഞ്ഞതു ഞായറാഴ്ച പള്ളിയിൽ ചെന്നപ്പോഴാണ്. അങ്ങനെ അതെന്റെ എന്റെ കയ്യില്‍ വന്നു. നല്ല ഇണക്കമുണ്ട്. വാങ്ങിയ ശേഷമാണു വീട്ടുകാർ പോലും അറിഞ്ഞത്! ഊട്ടിയിൽ നിന്നൊരു കുതിരക്കാരനെ ഏർപ്പാടാക്കിയിട്ടുണ്ട്. അത്യാവശ്യം പരിശീലനം നൽകിയ ശേഷം തോട്ടത്തിലേക്കു കൊണ്ടുപോകും.