അരയോളം ചെളിയിൽ പുതഞ്ഞയാളെ രക്ഷിക്കാൻ കൈ നീട്ടി ആൾക്കുരങ്ങ്; ചിത്രം വൈറൽ

ചിത്രം/ അനിൽ ടി പ്രഭാകർ

മനുഷ്യത്വം എന്ന വാക്ക് പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ നിങ്ങൾക്കും തോന്നിയേക്കാം. നദിയിലെ ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന മനുഷ്യനെ രക്ഷിക്കാൻ കൈ നീട്ടി നിൽക്കുന്ന ആൾക്കുരങ്ങിന്റേതാണ് ചിത്രം. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്ത് നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബോർണിയോയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടെ മലയാളിയായ അനിൽ പ്രഭാകറിന്റെ ക്യാമറയാണ് ഈ നിമിഷം ഒപ്പിയെടുത്തത്.

ബോർണിയോ ഒറാങ്ങുട്ടാൻ സംരക്ഷണ സമിതിയിലെ അംഗമാണ് ചെളിയിൽ പുതഞ്ഞയാളെന്ന് അനിൽ പ്രഭാകർ പറയുന്നു. രക്ഷിക്കാൻ കൈ നീട്ടിയെങ്കിലും ആൾക്കുരങ്ങിന്റെ സഹായം നദിയിൽ വീണയാൾ സ്വീകരിച്ചില്ല. വന്യജീവി ആയതിനാലാണ് സഹായം സ്വീകരിക്കാതിരുന്നതെന്ന് ഇയാൾ അനിലിനോടും സുഹൃത്തുക്കളോടും  വെളിപ്പെടുത്തി. 

 ആൾക്കുരങ്ങുകൾ കഴിയുന്നഭാഗത്ത് പാമ്പിനെ കണ്ടതായി വാർഡൻ അറിയിച്ചതോടെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ.