ജനാലയിലൂടെ വലിഞ്ഞുകയറി വിഷപ്പാമ്പ്; കണ്ടത് വളർത്തുനായ; ദുരന്തം ഒഴിവായി

ഓസ്ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്. വീടിനുള്ളിൽ കടന്ന് ജനാലയിലേക്ക് വലിഞ്ഞുകയറുന്ന വിഷപ്പാമ്പിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്വീൻസ്‌ലൻഡിലെ ഇപ്സ്വിച്ചിലുള്ള ഒരു യുവതിയുടെ വീടിനുള്ളിലാണ് വിഷപ്പാമ്പ് കയറിയത്.

25കാരിയായ യുവതിയും രണ്ട് വളർത്തുനായ്ക്കളുമാണ് സംഭവ സമയത്ത് വീടിനുള്ളിലുണ്ടായിരുന്നത്. തുറന്നുകിടന്ന വാതിലിലൂടെയാകാം പാമ്പ് വീടിനുള്ളിൽ എത്തിയതെന്നാണ് നിഗമനം. വളർത്തു നായ്ക്കളിലൊന്ന് അസാധാരണമായി കുരയ്ക്കുന്നത് കണ്ടാണ് യുവതി മുറിയിലേക്ക് ചെന്നത്. യുവതിയെത്തുമ്പോൾ മുറിയിലെ ജനാലയിലേക്ക് വലിഞ്ഞുകയറുകയായിരുന്നു പാമ്പ്. ഒറ്റ നോട്ടത്തിൽ തന്നെ കടുത്ത വിഷമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് ആണിതെന്ന് യുവതിക്ക് മനസ്സിലായി. 

പെട്ടെന്നു തന്നെ യുവതി വളർത്തു നായകളെയും കൂട്ടി വാതിലടച്ച് പുറത്തുകടന്നു. അതിനു ശേഷമാണ് പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചത്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന്റെ കടിയേറ്റാണ്. പാമ്പു പിടിത്ത വിദഗ്ധനായ ബ്രൈസെ ലോക്കറ്റാണ് പാമ്പിനെ നീക്കം ചെയ്യാൻ സംഭവസ്ഥലത്തെത്തിയത്. ഇദ്ദേഹമെത്തിയപ്പോൾ ശുചിമുറിയിലെ ജനാലയിലൂടെ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്. പാമ്പിനെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.