സ്കൂളിൽ നിന്നും കുഞ്ഞുങ്ങൾ ഓടി റെയിൽവേ ട്രാക്ക് കടക്കുന്നു; നടുക്കുന്ന കാഴ്ച; രോഷം; വിഡിയോ

‘വലിയ അപകടത്തിന് കാത്തിരിക്കുകയാണോ സ്കൂൾ അധികൃതർ..?’ ഇൗ വിഡിയോ പുറത്തുവന്ന ശേഷം രോഷത്തോടെ സമൂഹമാധ്യമങ്ങൾ ചോദിക്കുന്നതിങ്ങനെയാണ്. അത്രത്തോളം അപകടം വിളിച്ചുവരുത്തുന്നതാണ് ഇൗ ദൃശ്യങ്ങൾ. സ്കൂളിന് മുന്നിലുള്ള റെയിൽവേ ട്രാക്കിലേക്ക് ഒാടി കയറുന്ന കുട്ടികളുടെ ദൃശ്യമാണ് വിഡിയോയിൽ. 

സ്കൂൾ വിട്ടശേഷം പുറത്തേക്ക് ഒാടിയെത്തുന്ന കുഞ്ഞുങ്ങൾ അതേ വേഗത്തിൽ തന്നെ ട്രാക്ക് മുറിച്ച് കടക്കുകയാണ്. ട്രെയിൻ വരുന്നുണ്ടോ എന്നു പോലും നോക്കാതെയാണ് കുഞ്ഞുങ്ങൾ ഒാടുന്നത്. ട്രാക്കിനപ്പുറം നിർത്തിയിട്ടിരിക്കുന്ന ഒാട്ടോ റിക്ഷയിലേക്കാണ് കുഞ്ഞുങ്ങൾ ഒാടുന്നത്. കാഞ്ഞങ്ങാട് അജാനൂർ ഗവ. എൽപി സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വിഡിയോയുടെ തലക്കെട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലായതോടെ പ്രതികരണവുമായി ഒട്ടേറെ പേർ രംഗത്തെത്തി. 

വിഡിയോ കണ്ടശേഷം സ്കൂളിൽ വിളിച്ചിരുന്നെന്നും ചിലർ കമന്റുകളിൽ വ്യക്തമാക്കുന്നു. എല്ലാ ദിവസവും അധ്യാപകർ കുട്ടികളെ റെയിൽവേ ട്രാക്ക് കടക്കാൻ സഹായിക്കാറുണ്ടെന്നും ഇതിനായി പ്രത്യേകം അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും അധ്യാപകർ ഉണ്ടെന്നും അവരെ ഒഴിവാക്കിയ ഭാഗമാണ് പ്രചരിപ്പിക്കുന്നതെന്നും അധികൃതർ പറഞ്ഞതായി വിഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നു.