കാളിഘട്ടിൽ സോണിയയ്ക്ക് മംഗല്യം; കൈപിടിച്ചുകൊടുത്ത് മുതുകാട്

കൊൽക്കത്തയിലെ കാളിഘട്ടിൽ ബംഗാളി ആചാരപ്രകാരം നടന്ന വിവാഹത്തിനു നേതൃത്വം നൽകി മാന്ത്രികൻ ഗോപിനാഥ് മുതുകാട്. മാജിക് പ്ലാനറ്റിലെ സർക്കസ് കലാകാരി സോണിയ ഥാപ്പയുടെ വിവാഹമാണ് രക്ഷിതാക്കളുടെ സ്ഥാനത്തു നിന്ന് മുതുകാട് നടത്തിക്കൊടുത്തത്. സർക്കസ് കലാകാരനാണ് സുമിത് റോയ്. അസമിൽ ജനിച്ച് 7–ാം വയസിൽ സർക്കസ് വേദിയിലെത്തിയ കലാകാരിയാണ് സോണിയ. തമ്പുകളിലാണ് അവൾ വളർന്നത്.

അവിടെ നിന്ന് മാജിക് പ്ലാനറ്റിലെ സർക്കസ് കാസിലിലെ കലാകാരിയായി 2 വർഷം മുൻപെത്തി.   അനാഥയായ സോണിയയ്ക്ക് മുതുകാട് ആർട്ടിസ്റ്റ് വില്ലേജിൽ വീട് ഉൾപ്പെടെ നൽകിയിരുന്നു. അങ്ങനെ സോണിയയ്ക്ക് മുതുകാട് ‘പപ്പ’യും  ഭാര്യ കവിത  അമ്മയുമായി.  വിവാഹാലോചന വന്നപ്പോൾ അനുമതി തേടിയതും മുതുകാടിനോടായിരുന്നു.

ഒടുവിൽ, രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് വിവാഹവും അദ്ദേഹം നടത്തി . സോണിയയുടെ ബന്ധുക്കളാരുംതന്നെ വിവാഹത്തിനെത്തിയിരുന്നില്ല. മാജിക് പ്ലാനറ്റിലെ ഭരതരാജനും കൊൽക്കത്ത കൈരളിസമാജം ഭാരവാഹികളും വിവാഹച്ചടങ്ങിന് നേതൃത്വം നൽകാനെത്തി.